പെട്രോൾ വില വർധനവും , ഫാമിലി വിസ നിബന്ധനയും; ജീവിതചിലവ് വര്‍ദ്ധിക്കാന്‍ സാധ്യത


മനാമ : രാജ്യത്തെ പ്രവാസികളെ സംബന്ധിച്ച്   നിരവധി മാറ്റങ്ങളും, നിയമ പരിഷ്‌ക്കാരങ്ങളും നിറഞ്ഞതായി മാറുകയാണ് പുതിയവർഷം. തൊഴിൽ മേഖലകളില്‍ നടന്നു വരുന്ന പരിഷ്കരണങ്ങള്‍ക്ക് പുറമേ ദൈനംദിനം ജീവിതചിലവുകളിലും വ്യതിയാനം വന്നുതുടങ്ങി എന്നത് തെല്ലൊരു ആശങ്കയോടെയാണ്  പ്രവാസികൾ മിക്കവരും നോക്കി കാണുന്നത്. 
 
സിഗരറ്റ്, കോള ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ നികുതിക്ക് പിന്നാലെ ഇന്നലെ ഉച്ച മുതൽ വർധിപ്പിച്ച പെട്രോളിന്റെ വിലയും സാധാരണക്കാരെ തെല്ലൊന്ന് ഭയപ്പെടുത്തിയിട്ടുണ്ട്.മുംതാസ് പെട്രോളിന് ഇരുപത്തിയഞ്ച് ശതമാനവും, ജായിദ് പെട്രോളിന് 12 ശതമാനം വര്‍ദ്ധനവുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തേ  ലിറ്ററിന് 125 ഫില്‍സിന് നല്‍കിയിരുന്ന ജായിദ് പെട്രോളിന് ഇനി മുതല്‍ 140 ഫില്‍സും, 160 ഫില്‍സിന് നല്‍കിയിരുന്ന മുംതാസ് പെട്രോളിന് 200 ഫില്‍സും നൽകണം.  ഇതോടെ ഇവിടെയുള്ള പൊതുഗതാഗത മാര്‍ഗങ്ങളായ ബസ്, ടാക്സി എന്നിവര്‍ നിലവിലുള്ള നിരക്കിനേക്കാൾ അമിത ചാർജ് ഈടാക്കാനുള്ള സാധ്യത കൂടുതലാണ്. ബഹ്റൈനില്‍ അനധികൃതമായി ടാക്സി ഓടിച്ച് ജീവിതം പുലര്‍ത്തുന്നവര്‍ ഏറെയാണ്. ഇതില്‍ വിദേശികളുടെ എണ്ണമാണ് അധികം. നിയമപരമായി കര്‍ശനമായി ശിക്ഷ ലഭിക്കാനുള്ള കുറ്റമാണിതെങ്കിലും പലരുടെയും  തൊഴിലിടങ്ങളിലേക്കുള്ള യാത്രകൾ ഇത്തരം അനധികൃത ടാക്സികളെ ആശ്രയിച്ചാണ്. ഇത് കൂടാതെ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവരെയും ഈ പെട്രോള്‍ വില വര്‍ദ്ധനവ് സാരമായി ബാധിക്കും. വലിയ ലക്ഷ്വറി വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ മിക്കവരും മുംതാസ് പെട്രോളാണ് വാഹനങ്ങളില്‍ നിറയ്ക്ക്കുന്നത്. ഒരു മാസം മുപ്പത് ദിനാറിന് എങ്കിലും മുംതാസ് പെട്രോള്‍ അടിക്കുന്നവര്‍ക്ക് ഏഴരദിനാറോളം അധികം നല്‍കേണ്ടി വരും. 
 
ഇതോടൊപ്പം ഫാമിലി വിസ ലഭിക്കാനുള്ള മാനദണ്ഢങ്ങള്‍ മാറ്റിയതും പ്രവാസികള്‍ക്ക് ആശങ്ക സൃഷ്ടിക്കുന്ന തീരുമാനമാണ് . ഇത് പ്രകാരം ഇനിമുതൽ ഇവിടെ താമസിക്കുന്ന  വിദേശികൾക്ക്  അവരുടെ കുടുംബത്തെ ഇവിടേക്ക് സ്ഥിരമായി കൊണ്ട് വരണമെങ്കിൽ  പ്രതിമാസ വരുമാനം 400 ദിനാർ വേണം.  നേരത്തേ ഇത് 250 ദിനാറായിരുന്നു. നിലവിൽ ഫാമിലി വിസ ഉള്ളവർക്ക് ഈ നിബന്ധന ബാധകമല്ലെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിരിക്കുന്നത്.  ഈ രീതിയില്‍ ഓരോ ദിവസവും നിരവധി മാറ്റങ്ങളാണ് ബഹ്റൈനില്‍ നടപ്പിലായി വരുന്നത്. എണ്ണ വിപണിയില്‍ ഉണ്ടായ ഇടിവ് കാരണം അയല്‍ രാജ്യമായ സൗദി അറേബ്യയിലും മേഖലയിലെ മറ്റ് രാജ്യങ്ങളിലും നടന്നുവരുന്ന പരിഷ്കരണ നടപടികളില്‍ പലതും ബഹ്റൈനും സ്വീകരിച്ചേ മതിയാകൂ എന്നതാണ് യാത്ഥാര്‍ത്ഥ്യം. ഈ മാറ്റങ്ങള്‍ ഏറ്റവും പ്രധാനമായി ബാധിക്കുന്നത്  ഇടത്തരം കുടുംബങ്ങളെയും സാധാരണക്കാരായ തൊഴിലാളികളെയുമാണ്. കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, വാടക തുടങ്ങിയ ഇനങ്ങളിലെ ചിലവുകള്‍  ഏറിവരുന്നതും ആശങ്ക സൃഷ്ടിക്കുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് പല സ്‌കൂളുകളിലും  ഫീസ് നൽകാൻ കാലതാമസം ഉണ്ടാക്കുന്നതായി പ്രധാനപ്പെട്ട സ്‌കൂൾ അധികൃതർ ഫോര്‍ പി എമിനോട് പറഞ്ഞു. ഇതോടൊപ്പം  
വലിയ കന്പനികളില്‍ പോലും ശന്പളം വൈകുന്നതുമായി ബന്ധപ്പെട്ട് ധാരാളം പ്രശ്നങ്ങള്‍ സമീപകാലത്ത് ഉണ്ടായി വരുന്നുണ്ട്. ഈ വര്‍ഷം തന്നെ വരാനിരിക്കുന്ന വാറ്റ് നികുതി ഏത് രീതിയില്‍ ബാധിക്കുമെന്ന ആശങ്കയും പരന്ന് തുടങ്ങിയിട്ടുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed