വിശുദ്ധ സെബാസ്‌ത്യാനോസിന്റെ അന്പു തിരുനാൾ ഭക്തി സാന്ദ്രമായി

മനാമ: ബഹ്‌റൈൻ തിരുഹൃദയ ദേവാലയം വിശുദ്ധ സെബാസ്‌ത്യാനോസിന്റെ അന്പു തിരുന്നാൾ ഭക്തി സാന്ദ്രമായി.ബഹ്‌റൈൻ മലയാളി കത്തോലിക്ക സമൂഹം 28, 29 തിയ്യതികളിൽ ഇസ ടൗൺ സേക്രഡ് ഹാർട്ട് അങ്കണത്തിൽ വെച്ച് ആഘോഷിച്ചു. വ്യാഴാഴ്ച വൈകീട്ട് ആറു മണിയോടെ തിരുനാളിന് കൊടിയേറി. അതിനു ശേഷം അന്പു എഴുന്നെള്ളിച്ചു വെച്ചു. തുടർന്ന് വിശുദ്ധ ബലിയും, രാത്രി 9 മണിക്ക് ക്രിസ്തുമസ് കരോളും, കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും നടന്നു.
ഇന്ന് രാവിലെ അന്പു എഴുന്നെള്ളിക്കലും കുർബ്ബാനയും നടന്നു. നോർത്തേൺ അറേബ്യ വികാരിയേറ്റ് ബിഷപ്പ് കാമിലോ ബാലിന്റെ സന്ന്യദ്ധ്യത്തിൽ റവ: ഫാദർ സജി തോമസ് മുഖ്യകാർമ്മികത്വം വഹിച്ചു. പാരിഷ് പ്രീസ്റ്റ് റവ: ഫാദർ സേവ്യർ മരിയൻ ഡിസൂസ, ഫാ. ഫ്രഡി ഡിസൂസ, റവ: ഫാ. അമൃതരാജൻ, റവ: ഫാ. തോമസ് എന്നിവരും സന്നിഹിതരായിരുന്നു. തുടർന്ന് വർണ്ണ ശബളമായ പ്രദക്ഷിണവും ഉണ്ടായിരുന്നു. നാട്ടിലെ തിരുന്നാൾ ആഘോഷങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ട് ചെണ്ട മേളവും, ബാൻഡ് സെറ്റും, മുത്ത് കുടകളും അണിനിരന്നു. ബഹ്‌റൈൻ മലയാളി കാത്തോലിക് കമ്മ്യൂണിറ്റിയുടെ വാർഷിക പതിപ്പായ നിറവ് 2018 ൻ്റെ പ്രകാശനവും ചടങ്ങിൽ നടന്നു. നിറവിന്റെ ആദ്യ കോപ്പി ബിഷപ്പ് കാമിലിയോ ബാലിന്റെ കയ്യിൽ നിന്നും പാരിഷ് പ്രീസ്റ്റ് റവ: ഫാ സേവിയർ മരിയൻ ഡിസൂസ സ്വീകരിച്ചു.