ഡ്രൈവിംഗ് ലൈസൻസിനായി ബഹ്റൈനിലെത്തുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിക്കുന്നു

മനാമ: 2018 ജൂൺ 24 മുതൽ സൗദി അറേബ്യയിൽ സ്ത്രീകൾക്കും വാഹനങ്ങൾ ഡ്രൈവ് ചെയ്യാമെന്ന വ്യവസ്ഥ വരുന്നതിന് മുന്നോടിയായി സൗദിയിൽ നിന്നുമുള്ള നിരവധി സ്ത്രീകൾ ബഹ്റൈനിൽ വന്ന് ഡ്രൈവിംഗ് ലൈസൻസിനായി അപേക്ഷിച്ചു തുടങ്ങിയിരിക്കുന്നു. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ ലഭിക്കുന്ന അവസരം അതിന്റെ തുടക്കം മുതൽ ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇവിടെ എത്തി ലൈസൻസിനായി അപേക്ഷിക്കുന്നത്. സൗദി അറേബ്യയിൽ നിന്നുള്ള നിരവധി സ്ത്രീകൾ ബഹ്റൈനിൽ ജോലി ചെയ്യുന്നുണ്ട്. ഇവരിലാണ് ഡ്രൈവിംഗ് ലൈസൻസ് എത്രയും പെട്ടന്ന് നേടാനുള്ള താത്പര്യം കൂടുതലായി കാണുന്നത്. നേത്ര പരിശോധനയും, ശാരീരിക യോഗ്യതയും നടത്തിയതിനു ശേഷം 34.5 ദിനാർ നൽകി ബഹ്റൈനിൽ ഡ്രൈവിംഗ് പഠനത്തിനായുള്ള പെർമിറ്റ് അഥവ കച്ചയെടുക്കാം. തിയറി ക്ലാസ്സിന് ശേഷം സൗകര്യം പോലെ ഒരു മണിക്കൂർ വീതം 21 പരിശീലന ക്ലാസുകൾ കഴിഞ്ഞാൽ ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകാം. ഏകദേശം ഒരുമാസം കൊണ്ട് ഇവിടെ നിന്ന് ഡ്രൈവിംഗ് ടെസ്റ്റ് പാസായാൽ സൗദ്യയിൽ ചെന്ന് 290 റിയൽ നൽകിയാൽ സൗദ്യ ലൈസൻസിലേക്കു പിന്നീട് മാറ്റാവുന്നതാണ്.
നിലവിൽ സൗദിയിൽ സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിന്റെ ഭാഗമായി ആരംഭിക്കുന്ന പരിശീലനത്തിനും വൈദ്യപരിശോധനയ്ക്കും ഒരുക്കങ്ങൾ നടക്കുന്നുണ്ട്. സൗദിയുടെ 13 പ്രവിശ്യകളിലും ഇത്തരത്തിലുള്ള മുന്നൊരുക്കങ്ങൾ നടക്കുന്നതിന്റെ ഭാഗമായി 600 ആശുപത്രികൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും ആരോഗ്യ മന്ത്രാലയം അനുമതി നൽകി. ഡ്രൈവിംഗ് പരിശീലനത്തിനുള്ള സ്കൂളുകൾക്ക് ഇതിനകം അനുമതി നൽകി തുടങ്ങിയിട്ടുണ്ട്. പ്രമുഖ സർവ്വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഡ്രൈവിംഗ് സ്കൂളുകൾ തുറക്കാൻ ട്രാഫിക് വിഭാഗവുമായി കരാർ ഒപ്പു വെച്ച് കഴിഞ്ഞു.