എൻ.എ.ഒ റിപ്പോർട്ട് : 322 കേസുകളിൽ നടപടി എടുക്കും

മനാമ : നാഷണൽ ഓഡിറ്റ് ഓഫീസ് (എൻ.എ.ഒ) റിപ്പോർട്ട് കണ്ടെത്തലുകൾ സർക്കാർ സ്ഥാപനങ്ങളിലെ ക്രമക്കേടുകൾക്കെതിരെ വേണ്ട നടപടികളെടുക്കാൻ സഹായിച്ചിട്ടുണ്ടെന്ന് കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപ പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു. റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന കേസുകളിൽ സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണങ്ങൾ തുടരുകയാണെന്ന് ഗവൺമെന്റ് എക്സിക്യുട്ടീവ് കമ്മിറ്റിയുടെ 207−ാം യോഗത്തിൽ അദ്ദേഹം പറഞ്ഞു.
ഈ വർഷത്തെ എൻ.എ.ഒ റിപ്പോർട്ട് കൂടുതൽ നടപടികൾക്കായി ഗവൺമെന്റ് എക്സിക്യുട്ടീവ് കമ്മിറ്റിക്ക് കൈമാറിയിരുന്നു. 322 കേസുകളിലാണ് നടപടി ആവശ്യമായുള്ളത്. 322 കേസുകളിൽ, എട്ട് കേസുകൾ ആന്റി−കറപ്ഷൻ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റിലേയ്ക്ക് മാറ്റും. ഇരുപത് കേസുകളിൽ ആഭ്യന്തര അന്വേഷണങ്ങൾ ആവശ്യമായി വരും. ബാക്കിയുള്ള 294 കേസുകളിൽ നിയമനടപടികൾ സ്വീകരിക്കും.