രോഹിത്തിന് ഏകദിനത്തിൽ മൂന്നാം ഡബിൾ സെഞ്ച്വറി

മൊഹാലി : ഏകദിനത്തിലെ മൂന്നാം ഇരട്ടസെഞ്ച്വറിയുമായി ചരിത്രമെഴുതിയ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ തകർപ്പൻ ബാറ്റിംഗ് മികവിൽ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യനിശ്ചിത 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 392 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ഒടുവിൽ വിവരം ലഭിക്കുന്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെന്ന നിലയിലാണ്.
ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി കളം നിറഞ്ഞ രോഹിത്തിനു തകർപ്പൻ അർദ്ധസെഞ്ച്വറികളുമായി പിന്തുണ നൽകിയ ഓപ്പണർ ശിഖർ ധവാൻ (68), ശ്രേയസ് അയ്യർ (88) എന്നിവരും മത്സരത്തിലെ സൂപ്പർ കാഴ്ചയായി. 153 പന്തിൽ 13 ബൗണ്ടറികളും 12 സിക്സും ഉൾപ്പെടുന്നതാണ് രോഹിത്തിന്റെ മൂന്നാം ഏകദിന ഇരട്ടസെഞ്ച്വറി. 10 ഓവർ പൂർത്തിയാകുന്പോൾ ഇന്ത്യൻ സ്കോർബോർഡിൽ ഉണ്ടായിരുന്നത് 33 റൺസ് മാത്രമായിരുന്നു. എന്നാൽ ധവാനും രോഹിത്തും നിലയുറപ്പിച്ചതോടെ റണ്ണൊഴുക്ക് തുടങ്ങുകയായിരുന്നു. ധവാൻ പുറത്തായതോടെ രാജ്യാന്തര കരിയറിലെ രണ്ടാമത്തെ മാത്രം ഏകദിനം കളിക്കുന്ന പാതി മലയാളി കൂടിയായ ശ്രേയസ് അയ്യർ കൂട്ടിനെത്തിയതോടെ രോഹിത് കൂടുതൽ അപകടകാരിയായി. അനായാസം ബൗണ്ടറികൾ വാരിക്കൂട്ടിയ ശ്രേയസും മോശമാക്കിയില്ല. രണ്ടാം വിക്കറ്റിലും സെഞ്ച്വറി കൂട്ടുകെട്ടു തീർത്ത ഇരുവരും 25.2 ഓവർ ക്രീസിൽ നിന്ന് ഇന്ത്യൻ സ്കോർബോർഡിലേക്ക് 213 റൺസ് കൂട്ടിചേർത്തു. 70 പന്തിൽ ഒന്പതു ബൗണ്ടറിയും രണ്ടു സിക്സും സഹിതമാണ് ശ്രേയസ് 88 റൺസെടുത്തെത്. ശേഷം ധോണിയും പാണ്ധ്യയും വന്ന് പോയപ്പോൾ 50 ഓവറും അവസാനിക്കുന്പോൾ 153 പന്തിൽ 208 റൺസുമായി രോഹിത് പുറത്താകാതെ നിൽക്കുകയായിരുന്നു.