രാജ്യത്തിന്റെ വികസനം ശരിയായ പാതയിലെന്ന് പ്രധാനമന്ത്രി
മനാമ : ബഹ്റൈൻ രാജാവ് പ്രിൻസ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ നേതൃത്വത്തിൽ കൂടുതൽ വികസനവും ആധുനികവൽക്കരണവും കൈവരിക്കാൻ ബഹ്റൈന് കഴിഞ്ഞതായും രാജ്യം വികസനത്തിന്റെ ശരിയായ പാതയിലാണെന്നും പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ പറഞ്ഞു. “സാന്പത്തികവും സുരക്ഷാപരവുമായ തലങ്ങളിൽ പ്രാദേശിക, ആഗോള വെല്ലുവിളികൾ ഉണ്ടെങ്കിലും, ഗവൺമെന്റ് കൂടുതൽ ശക്തമാണെന്നും ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് പ്രഥമ പരിഗണന നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മുതിർന്ന ഉദ്യോഗസ്ഥർ, സ്പീക്കർ, മുൻ സ്പീക്കർ, എം.പിമാർ, ബിസിനസുകാർ, മാധ്യമങ്ങൾ എന്നിവരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ബഹ്റൈൻ ജനതയുടെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സ്വഭാവവിശേഷങ്ങളെ പ്രധാനമന്ത്രി പ്രകീർത്തിച്ചു. ഈ സവിശേഷതകളാണ് ബഹ്റൈനി സമൂഹത്തിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന നിലവാരമുള്ള സേവനങ്ങൾ ഉറപ്പുവരുത്തണമെന്നും പൗരൻമാർക്ക് മാന്യമായ ജീവിത നിലവാരം ഉറപ്പാക്കുന്നതിനാണ് ഗവൺമെന്റ് പ്രാധാന്യം നൽകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി വിവിധ പ്രാദേശിക, അന്തർദ്ദേശീയ സമ്മേളനങ്ങളിൽ പ്രതിനിധികളായ കൗൺസിൽ ഓഫ് റെപ്രസന്റേറ്റീവ്സ്, ഷൂറ കൗൺസിൽ അംഗങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. നിയമസഭാംഗങ്ങളുടെ നിർദ്ദേശങ്ങൾ പൗരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കുന്നതിലും മുതൽക്കൂട്ടായതായി അദ്ദേഹം പറഞ്ഞു. പൊതുജനാഭിപ്രായം ഉയർത്തിക്കാട്ടുന്നതിലും പ്രാദേശിക ദേശീയ വിഷയങ്ങളിൽ സാമൂഹ്യ ബോധവൽക്കരണം ഉയർത്തുന്നതിന് മാധ്യമങ്ങൾ വഹിച്ച പങ്കിനേയും പ്രധാനമന്ത്രി പ്രശംസിച്ചു.


