പെല്ലറ്റ് ആക്രമണം : ഇരകളായവർക്ക് ജോലി നൽകാനൊരുങ്ങി കാശ്മീർ സർക്കാർ
ശ്രീനഗർ : ജമ്മുകാശ്മീരിൽ സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിന് ഇരകളായവർക്ക് ജോലി നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം നടന്ന പെല്ലറ്റ് ആക്രമണത്തിൽ 2,524 ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. കമ്മീഷന്‍ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം 59 സ്ത്രീകളുൾപ്പെടെ പെല്ലറ്റാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 1,725 പേരാണ് ഉള്ളത്. ഹിസ്ബുൾ മുജാഹിദ്ദിൻ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടതിന് പിറകെ ആരംഭിച്ച പ്രതിഷേധങ്ങൾക്ക് നേരെ സൈന്യം പെല്ലെറ്റ് പ്രയോഗം നടത്തുകയായിരുന്നു. സംഘർഷത്തിൽ നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് ഇരയായവർക്ക് ജോലി നൽകാൻ സർക്കാർ ലക്ഷ്യമിടുന്നത്. കാഴ്ച ശക്തി നഷ്ടപ്പെട്ടവർക്ക് സർക്കാർ സർവ്വീസിൽ ജോലി നൽകാൻ മെഹബൂബ മുഫ്തി സർക്കാർ തയ്യാറെടുക്കുന്നതായാണ് സൂചന. താഴ്‌വരയിലെ പത്ത് ജില്ലകളിലായി പെല്ലറ്റാക്രമണത്തിൽ കാഴ്ച നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ച്വരികയാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ റിട്ടയേഡ് ജസ്റ്റിസ് ബിലാൽ നാസി മാധ്യമങ്ങളോട് പറഞ്ഞു.
പെല്ലറ്റ് ഇരകളുടെ കൃത്യമായ കണക്കെടുത്ത് കൊണ്ടിരിയാണ്. പരിക്കിന്റെ സ്വഭാവവും ചികിത്സ ആവശ്യമായിട്ടുള്ളവരുടേയും വിവരങ്ങളും ശേഖരിച്ചുവരികയാണ്. 1,700ഓളം ആൾക്കാരാണ് ഇപ്പോൾ ലിസ്റ്റിൽ ഉള്ളതെന്നും ഒരുപക്ഷെ അതിനെക്കാൾ ഇരകളുണ്ടാകാമെന്നും പറഞ്ഞ ബിലാൽ നാസി ആക്രമണത്തിന് ഇരകളായവർ മുന്നോട്ട് വന്ന് വിവരങ്ങൾ നൽകാനും അഭ്യർത്ഥിച്ചു.


