രക്ഷിതാക്കൾക്ക് മൊബൈൽ ആപ്പുമായി ഇന്ത്യൻ സ്‌കൂൾ
മനാമ : സാങ്കേതിക വിദ്യകളുടെ പുതുയുഗത്തിൽ സ്‌കൂൾ സംബന്ധമായ വിശദ വിവരങ്ങൾ രക്ഷിതാക്കളിൽ എത്തിക്കുന്നതിനായി ഇന്ത്യൻ സ്‌കൂൾ രക്ഷിതാക്കൾക്കായി മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ഇന്ത്യൻ സ്‌കൂളുമായി ബന്ധപ്പെട്ട അറിയിപ്പുകളും വാർത്തകളും സർക്കുലറുകളും ഇ-മെയിലുകളും എസ്.എം.എസുകളും ഈ ആപ്പ് വഴി ലഭിക്കുമെന്ന് ഇന്ത്യൻ സ്‌കൂൾ അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യൻ സ്‌കൂൾ പേരന്റ്സ് പോർട്ടലിന്റെ മൊബൈൽ വേർഷനാണ് ഈ ആപ് പ്രദാനം ചെയ്യുന്നത്.
ഇന്ത്യൻ സ്ക്കൂൾ പേരന്റ്സ് പോർട്ടലിന് ഉപയോഗിക്കുന്ന യൂസർ നെയിമും പാസ്−വേർഡും തന്നെ ഈ ആപ്പിനും ഉപയോഗിക്കാം. പാസ്−വേർഡ് അറിയില്ലെങ്കിൽ സ്‌കൂൾ പോർട്ടലിലെ ലിങ്കിൽ ക്ലിക് ചെയ്ത് സ്വയം പാസ്−വേർഡ് ഉണ്ടാക്കാം. അങ്ങനെ പാസ്−വേർഡ് ഉണ്ടാക്കുന്പോൾ രക്ഷിതാക്കൾക്ക് ഇ-മെയിലിൽ നിർദ്ദേശം ലഭിക്കും. ഇന്ത്യൻ സ്‌കൂളിൽ നേരത്തെ രക്ഷിതാക്കൾ രജിസ്റ്റർ ചെയ്തിട്ടുള്ള ഇ-മെയിലിലേയ്ക്കാണ് വിവരങ്ങൾ അയക്കുക.
രക്ഷിതാക്കളുമായുള്ള സുഗമവും ഫലപ്രദവുമായ ആശയ വിനിമയമാണ് ഈ ആപ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ പറഞ്ഞു. സ്‌കൂളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രക്ഷിതാക്കളിലും വിദ്യാർത്ഥികളിലും എത്തിക്കുന്ന ഏറ്റവും നൂതനമായ മാർഗ്ഗമാണ് ഈ മൊബൈൽ ആപ് എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സ്‌കൂൾ പോർട്ടലിൽ പോസ്റ്റ് ചെയ്യുന്ന എല്ലാ വിവരങ്ങളും തത്സമയം തന്നെ ഈ ആപ്പിലേയ്ക്കും എത്തുമെന്ന് ഇന്ത്യൻ സ്ക്കൂൾ എക്സിക്യുട്ടീവ് അംഗം (ഐ.ടി) സജി ആന്റണി പറഞ്ഞു.
ഐഫോണുകളിലും, ആൻഡ്രോയ്ഡ് മൊബൈൽ ഫോണുകളിലും ഈ ആപ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ഇന്ത്യൻ സ്കൂൾ ബഹ്റൈൻ എന്ന് സേർച്ച് ചെയ്ത് ഈ ആപ് ഡൗൺലോഡ് ചെയ്യാം.
വിദ്യാർത്ഥികൾ സ്‌കൂളിൽ ചേർന്നത് മുതലുള്ള എല്ലാ അടിസ്ഥാന വിവരങ്ങളും, പ്രോഗ്രസ് കാർഡുകളും രക്ഷിതാക്കൾക്ക് ഈ ആപ്പിലൂടെ ലഭിക്കും. കൂടാതെ അതാത് മാസത്തെ സ്‌കൂൾ കലണ്ടർ വിവരങ്ങൾ, ഫീസ് കുടിശ്ശിക സംബന്ധിച്ച വിവരങ്ങൾ, സ്‌കൂളിൽ നടന്ന അവാർഡ് സെറിമണി ഉൾപ്പെടെയുള്ള പരിപാടികളുടെ ചിത്രങ്ങൾ എന്നിവയും ഇതിൽ ലഭ്യമാകും.
ഇപ്പോൾ പേരന്റ്സ് പോർട്ടലിൽ ലഭിക്കുന്ന പഠന കുറിപ്പുകളും, ക്ലാസ് ടീച്ചറുമായി രക്ഷിതാക്കൾക്ക് ആശയ വിനിമയത്തിനുള്ള സൗകര്യവും ഈ ആപ്പിലും ലഭ്യമാക്കാനുള്ള ശ്രമം നടന്നു വരുന്നതായി ഐ.ടി ചുമതല വഹിക്കുന്ന സജി ആന്റണി പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യൻ സ്‌കൂൾ ഐ.ടി വിഭാഗമവുമായി it@indianschool.bh എന്ന ഇ-മെയിൽ വിലാസത്തിലോ, ഐ.ടി ചുമതല വഹിക്കുന്ന സജി ആന്റണിയുമായി 39691959 എന്ന ഫോൺ നന്പറിലോ ബന്ധപ്പെടുക. വെബ്‌സൈറ്റ് വിലാസം: http://www.indianschool.bh


