നഷ്ടപരിഹാരം നൽകാമെന്നേറ്റ കാർഗോ കന്പനിയും കബളിപ്പിക്കുന്നതായി പരാതി
രാജീവ് വെള്ളിക്കോത്ത്
മനാമ : ബഹ്റൈനിൽ നിന്നും നാട്ടിലേയ്ക്ക് കാർഗോ വഴി അയച്ച പാർസലുകൾ വിലാസക്കാരന് ലഭിക്കാത്തതിനെ തുടർന്ന് പരാതിയുമായി ചെന്ന തമിഴ്നാട് സ്വദേശിക്ക് നഷ്ടപരിഹാരം വാഗ്ദാനം ചെയ്ത കാർഗോ കന്പനി വീണ്ടും കബളിപ്പിച്ചതായി പരാതി. കന്യാകുമാരി കളിയിക്കാവിള സ്വദേശി രവീന്ദ്രനാണ് ഗുദൈബിയയിൽ പ്രവർത്തിക്കുന്ന ഫ്രണ്ട്സ് കാർഗോയ്‌ക്കെതിരെ പരാതിപ്പെട്ടത്. രവീന്ദ്രൻ 2016 മെയ് മാസത്തിലാണ് 1500 ദിനാറോളം വരുന്ന സാധന സാമഗ്രികൾ നാട്ടിലേയ്ക്ക് അയച്ചത്. വീടുപണിക്ക് വേണ്ടുന്ന വിലപിടിപിടിപ്പുള്ള അലുമിനിയം ഫ്രയിമുകളാണ് ഇത്തരത്തിൽ അയച്ചത്. 475 ദിനാർ കാർഗോ ചാർജ്ജ് ഈ കാർഗോ കന്പനി ഈടാക്കിയിരുന്നുവത്രെ. എന്നാൽ നാളിതുവരെയായിട്ടും സാധനം നാട്ടിൽ ലഭിച്ചിട്ടില്ല. തുടർന്ന് പോലീസിൽ പരാതിപ്പെടാൻ ഒരുങ്ങവേയാണ് കാർഗോ കന്പനിക്കാർ സാധനങ്ങളുടെ വില നഷ്ടപരിഹാരമായി നൽകാമെന്ന് വാഗ്ദാനം ചെയ്ത് രവീന്ദ്രനെ അവരുടെ ഓഫീസിലേയ്ക്ക് വിളിപ്പിച്ചത്.
679 ദിനാർ രണ്ട് ഘട്ടമായി നൽകാമെന്ന് കന്പനി വാഗ്ദാനം ചെയ്തപ്പോൾ ബാക്കി നഷ്ടം സഹിച്ചും ആ തുകയ്ക്ക് സമ്മതിക്കുയ്ക്കായിരുന്നുവെന്ന് രവീന്ദ്രൻ പറഞ്ഞു. ഇതിനായി ഒരു എഗ്രിമെന്റ് ഉണ്ടാക്കി കന്പനി ജീവനക്കാർ ഒപ്പിട്ടു വാങ്ങുകയും ചെയ്തതായി രവീന്ദ്രൻ പറഞ്ഞു. എന്നാൽ പിന്നീട് പറഞ്ഞ തീയ്യതിക്ക് അവരുടെ ഓഫീസിൽ ചെന്നപ്പോൾ പല ഒഴികഴിവുകൾ പറയുകയാണെന്നും കന്പനി തന്നെ കബളിപ്പിക്കുകയാണെന്നും രവീന്ദ്രൻ പറഞ്ഞു. സമാനമായ പരാതികൾ ഉള്ളവരെയും ഒരുമിച്ചു കൂട്ടി പോലീസിൽ പരാതിപ്പെടാൻ ഒരുങ്ങുകയാണ് രവീന്ദ്രൻ.


