ബഹ്‌റൈ­നിൽ മഴയെ­ത്തു­ന്നു­


മനാമ : മലയാളികൾക്ക് ഗൃഹാതുരത സമ്മാനിച്ച് കൊണ്ട് ബഹ്റൈനിൽ ഇന്ന് മുതൽ ഒരാഴ്ചയുള്ള ദിവസങ്ങളിൽ നേരിയ തോതിൽ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചു. പൊതുവെ അധികം മഴ പെയ്യാത്ത മേഖലയായതുകൊണ്ട് ജി.സി.സി രാജ്യങ്ങളിൽ മഴ പെയ്യുന്പോൾ ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് മലയാളികൾക്ക് അത് നാടിന്റെ ഓർമ്മകൾ സമ്മാനിക്കും. ഈ ആഴ്ച മുഴുവനും മഴ ഇടവിട്ട സമയങ്ങളിൽ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചിട്ടുള്ളത്. 

വേനൽ കഴിയുന്നതോടെയുള്ള ശീതകാല ആരംഭമായിട്ടാണ് മഴയുടെ വരവ് കണക്കാക്കുന്നത്. ബഹ്‌റൈനിൽ ചെറിയ തോതിൽ മഴ പെയ്താൽ തന്നെ റോഡുകളിൽ വെള്ളം കെട്ടി കിടക്കുന്ന അവസ്ഥയാണുണ്ടാകുന്നത്. ഓടകളിൽ വെള്ളം നിറയുകയും അവ റോഡിലെ വെള്ളവുമായി കൂടിക്കലർന്ന് ഒഴുകുകയും ചെയ്യും. 

മഴ പെയ്യുന്നതോടെ വാഹനമോടിക്കുന്നവർ വളരെയധികം ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു. റോഡുകളിൽ തെന്നൽ ഉണ്ടാകാനും ദൂരക്കാഴ്ച കുറയാൻ സാധ്യത ഉള്ളത് കൊണ്ടും വാഹനങ്ങൾ പരമാവധി വേഗത കുറച്ചു പോകുന്നതായിരിക്കും ഉചിതം.

കഴിഞ്ഞ വർഷം ഫെബ്രുവരി രണ്ടാം വാരത്തിൽ പെയ്ത മഴ നാല് ദിവസം നീണ്ടുനിന്നത് ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു. പലയിടത്തും പാർക്ക് ചെയ്ത വാഹനങ്ങൾ വെള്ളത്തിലായിരുന്നു. ഈ ആഴ്ച നവംബർ 23 വരെയും നേരിയ തോതിൽ ഏത് സമയത്തും മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചിട്ടുള്ളത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed