മു­ന്നണി­ മര്യാ­ദ എന്താ­ണെ­ന്ന് ചർ­ച്ച ചെ­യ്യണം : കാ­നം രാജേന്ദ്രൻ


തിരുവനന്തപുരം : സി.പി.ഐ മുന്നണി മര്യാദ ലംഘിച്ചെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത്. 

മുന്നണി മര്യാദ എന്താണെന്ന് ചർച്ച ചെയ്യണം. ഒറ്റയ്ക്ക് നിന്നാൽ എന്താവുമെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. തോമസ് ചാണ്ടിയുടെ രാജിയെച്ചൊല്ലി പാർട്ടിയിൽ ഭിന്നതയില്ല. രാജിക്കാര്യത്തിൽ ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തത്. എൽ.ഡി.എഫ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. കെ.ഇ ഇസ്മയിൽ മറിച്ച് പറഞ്ഞതെന്തു കൊണ്ടാണെന്ന് അറിയില്ല. യോഗത്തിനുശേഷം അദ്ദേഹത്തിന് സംഭവിച്ചതെന്താണെന്ന് അറിയില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

അതേസമയം തർക്കങ്ങളുടെ പേരിൽ ഇടതുമുന്നണി തകരുമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പിന്നീട് പറഞ്ഞു. സി.പി.എം-സി.പി.ഐ തർക്കം തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും പ്രശ്നങ്ങളുണ്ടെങ്കിൽ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കുമെന്നും കോടിയേരി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയെ ആരും ദുർവ്യാഖ്യാനം ചെയ്യേണ്ട. പരിഹരിക്കാൻ കഴിയാത്ത യാതൊരു പ്രശ്നങ്ങളും ഇടതുമുന്നണിയിൽ ഇല്ല. സി.പി.ഐയോട് പറയേണ്ടത് തങ്ങൾ പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും അവർക്ക് പറയാനുള്ളത് അവരും പറഞ്ഞിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed