നോർക്ക : പ്രവാസികളുടെ ആശങ്ക അകറ്റണമെന്ന് കെ.എം.സി.സി

മനാമ : പ്രവാസികൾ അത്താണിയായി കാണുന്ന നോർക്കാ റൂട്‌സിന് അംഗീകാരമില്ലെന്ന നിലയിൽ വന്നുകൊണ്ടിരിക്കുന്ന റിപ്പോർട്ടിന്റെ കാര്യത്തിൽ കേരള സർക്കാർ വ്യക്തത വരുത്തണമെന്നും പ്രവാസികളുടെ ആശങ്ക അകറ്റണമെന്നും ബഹ്‌റൈൻ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
കന്പനിയുടേയും ഡയറക്ടർമാരുടേയും അംഗീകാരം റദ്ദാക്കപ്പെട്ടതായി വന്ന വാർത്ത ശരിയല്ലെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ഡോ. കെ.എൻ രാഘവൻ വിശദീകരിച്ചിട്ടുണ്ടെങ്കിലും കേന്ദ്ര കോർപ്‍പറേറ്റ് കാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണക്കിടയാക്കിയ കാര്യങ്ങൾ ഉടനെ തിരുത്തണമെന്നും ആവശ്യപ്പെട്ടു.
സർക്കാർ പ്രഖ്യാപിച്ച വിവിധ പ്രവാസി ക്ഷേമ പദ്ധതികളുടെ ഏകോപനത്തിനുള്ള പ്രധാന ഏജൻസി എന്ന നിലയിൽ നോർക്കയെ പ്രതീക്ഷയോടെ കാണുന്ന പ്രവാസികൾക്ക് നിരാശയുണ്ടാക്കുന്നതാണ് ഇത്തരം വാർത്തകൾ. നോർക്കയെ വിശ്വാസത്തിൽ എടുത്തുകൊണ്ട് പ്രവാസി ഇൻഷുറൻസിനും തിരിച്ചറിയൽ കാർഡിനും മറ്റുമായി പ്രവാസികളെ സജ്ജമാക്കുന്നതിൽ കെ.എം.സി.സി ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങൾ വലിയ പങ്കു വഹിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇത്തരം ഘട്ടങ്ങളിൽ ജനങ്ങളോട് മറുപടി പറയാനുള്ള ബാധ്യത സംഘടകൾക്കും വന്നു ചേരുന്നു. കന്പനി റജിസ്ട്രാർ, കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ട് നോർക്കയെ കുറിച്ച് വന്ന തെറ്റായ പരാമർശങ്ങൾ നീക്കി പ്രവാസികളുടെ ആശങ്കയ്ക്ക് എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാക്കണമെന്ന് കെ.എം.സി.സി ആവശ്യപ്പെട്ടു.