ഉപേ­ക്ഷി­ക്കപ്പെ­ട്ട പഴങ്ങളും പച്ചക്കറി­കളും കഴു­കി­ വി­പണി­യിൽ എത്തി­ക്കു­ന്ന സംഘങ്ങൾ സജീ­വം


മനാമ : പ്രമുഖ മാർക്കറ്റുകളിൽ നിന്നും ഉപയോഗ ശൂന്യമായതും കാലാവധി കഴിഞ്ഞതും വലിച്ചെറിയുന്നതുമായ പഴങ്ങളും പച്ചക്കറികളും  പെറുക്കിയെടുത്തു കഴുകി വീണ്ടും വിപണിയിൽ എത്തിക്കുന്ന സംഘം സജീവം. കഴിഞ്ഞ ദിവസം ഹമദ് ടൗണിലെ വൃത്തിഹീനമായ സ്ഥലത്തു വെച്ച് പഴങ്ങളും പച്ചക്കറികളും മറ്റും കഴുകി പായ്ക്കറ്റുകളിലും മാറ്റുമാക്കി കുറഞ്ഞ വിലയ്ക്ക് വിൽപ്പന നടത്തുന്ന ചില ബംഗ്ലാദേശിസ്വദേശികളുടെ വീഡിയോ ഒരു സ്വദേശി റെക്കോർഡ് ചെയ്തു വാട്സ്ആപ്പിൽ പോസ്റ്റ് ചെയ്തത് വൈറൽ ആയിട്ടുണ്ട്. തക്കാളി, കാരറ്റ്, ആപ്പിൾ, തുടങ്ങി സകല പഴങ്ങളും പച്ചക്കറികളും ഈ സംഘം ഇത്തരത്തിൽ വിൽപ്പന നടത്തുന്നതായാണ് സൂചന. വിപണിയിൽ ലഭ്യമാകുന്നതിനേക്കാൾ പകുതി വിലയ്ക്കാണ് ഇവർ ഇത്തരം സാധനങ്ങൾ വിൽക്കുന്നത്. ചെറിയ ഉന്തുവണ്ടികളിലാക്കി കൂടുതൽ ഫ്‌ളാറ്റുകൾ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിൽ വീടുതോറുമുള്ള വിൽപ്പനയാണ് ഇവർ നടത്തി വരുന്നത്. 

കഴുകി വൃത്തിയാക്കി എടുക്കുന്ന പഴങ്ങളും പച്ചക്കറികളും മനോഹരമായ കൂടിനകത്തിട്ടു വില നിശ്ചയിച്ചു വിൽപ്പന നടത്തുന്നവരുമുണ്ട്. തക്കാളികളും മറ്റും പ്രത്യേക രാസവസ്തുക്കൾ അടങ്ങിയ ലേപനം സ്പ്രേ ചെയ്തു തിളക്കമുള്ളതാക്കിയാണ് ഇക്കൂട്ടർ വിൽപ്പന നടത്തുന്നത്. ഇത്തരം ഭക്ഷ്യവസ്തുക്കൾ കഴുകുന്നതാകട്ടെ തികച്ചും വൃത്തിഹീനമായ ചുറ്റുപാടിലുമാണ്. തുച്ഛമായ ശന്പളത്തിൽ ജീവിക്കുന്ന തൊഴിലാളികളും കുറഞ്ഞ വരുമാനം കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ നിവൃത്തിയില്ലാത്തവരെയുമാണ് ഇത്തരം കച്ചവടക്കാർ ലക്ഷ്യമിടുന്നത്. മാർക്കറ്റുകളിൽ നിന്ന് വാങ്ങുന്ന കുറഞ്ഞ അളവിലുള്ള ഫ്രഷ് ഇനങ്ങൾക്കൊപ്പം കൂട്ടിക്കലർത്തിയാണ് വാലിഡിറ്റി കഴിഞ്ഞ സാധനങ്ങളുടെ വിൽപ്പന നടക്കുന്നത്. ഒറ്റ നോട്ടത്തിൽ യാതൊരു കേടുപാടുകളും ഇല്ലാത്തവ പിന്നീട് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണ്. നല്ല തിളക്കം ലഭിക്കുന്നതിനും കൂടുതൽ കേടാകാതിരിക്കാനുമായി ചില രാസ വസ്തു പ്രയോഗങ്ങളും ഇക്കൂട്ടർ നടത്തുന്നുണ്ടെന്നാണ് നിഗമനം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed