ജീവനോടെ എനിക്ക് നാട്ടിലേയ്ക്ക് പോകാൻ കഴിയുമോ സാർ...?
മനാമ : ജീവനോടെ എനിക്ക് ഒരിക്കലെങ്കിലും നാട്ടിലേയ്ക്ക് പോകാൻ കഴിയുമോ സാർ...? ഈ ചോദ്യവുമായി തമിഴ്നാട് സ്വദേശി ബഹ്റൈനിൽ അലയാൻ തുടങ്ങിയിട്ട് മാസങ്ങൾ ഏറെയായി.
സൗദിയിലെ തൊഴിലുടമ ബഹ്‌റൈനിൽ വീട്ടുജോലിക്കായി കൊണ്ടുവന്ന് ഉപേക്ഷിച്ചതാണ് കറുപ്പയ്യ ഉദയ്യർ എന്ന 44കാരനെ. ബഹ്‌റൈനിൽ ആരും തുണയില്ലാതെയും നാട്ടിലേയ്ക്ക് പോകാൻ ഗതിയില്ലാതെയും കഴിയുന്ന ഇദ്ദേഹം ഇപ്പോൾ കാണുന്നവരോടെല്ലാം ഈ ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കുന്നു.
ബഹ്‌റൈനിൽ വില്ലയുള്ള ഒരു സൗദി പൗരനാണ് വില്ലയിൽ ശുചീകരണത്തിനും മറ്റുമായി കറുപ്പയ്യയെ സൗദിയിൽ നിന്നു കൊണ്ടുവന്നത്. വിസിറ്റിങ്ങ് വിസയിൽ 2015ലാണ് ഇയാളെ ബുദയ്യയിലെ വില്ല നോക്കി നടത്താനായി എത്തിച്ചത്. മുന്പ് വാരാന്ത്യങ്ങളിൽ വീട്ടുടമയും കുടുംബവും ഇവിടെ താമസിക്കാൻ വരാറുണ്ടായിരുന്നു.
എന്നാൽ 10 മാസമായി തനിക്കു ശന്പളം കിട്ടിയിട്ടില്ലെന്നും തന്നെ ഇവിടെ ഉപേക്ഷിച്ച നിലയിലാണെന്നുമാണ് കറുപ്പയ്യ പറയുന്നത്. മകൾ മരിച്ച വിവരം അറിഞ്ഞിട്ടു പോലും നാട്ടിലേയ്ക്കു തിരിച്ചു പോകാൻ കഴിഞ്ഞില്ലെന്നത് കറുപ്പയ്യ എന്ന ഈ വയോധികനെ കൂടുതൽ ദുഃഖിതനാക്കിയിരിക്കുന്നു. രോഗബാധയെ തുടർന്നാണ് നാട്ടിലുള്ള 21 കാരിയായ മകൾ മരിച്ചത്. പല തവണയായി ഇന്ത്യൻ എംബസ്സിയെ സമീപിച്ചുവെങ്കിലും കറുപ്പയ്യയുടെ തിരിച്ചുപോക്കിനുള്ള പരിഹാരം ഇതുവരെ കാണാൻ എംബസി അധികൃതർക്കുമായില്ല. അനധികൃതമായി താമസിച്ചതിനു കറുപ്പയ്യയുടെ പേരിലുള്ള 1200 ദിനാറാണ് ഇപ്പോഴത്തെ പ്രശ്നം.
കുടുംബം പുലർത്താൻ കടൽ കടന്നതാണെങ്കിലും അതിനു തനിക്കിതുവരെ സാധിച്ചില്ലെന്നും കറുപ്പയ്യ പറഞ്ഞു. അതിനാൽ ഏതു വിധേനയെങ്കിലും തിരിച്ചുപോകണം എന്നാഗ്രഹിച്ചിട്ട് അതുപോലും നടക്കാത്ത അവസ്ഥയാണ്. 2011 ലാണ് ഇയാളെ സൗദി തൊഴിലുടമ ജോലിക്കെടുത്തത്. 900 റിയാൽ (90 ദിനാർ) ആയിരുന്നു ശന്പളം.
ബഹ്‌റൈനിൽ കൊണ്ടുവന്നശേഷം തനിക്കു കൃത്യമായി ശന്പളം തന്നിട്ടില്ല. കഴിഞ്ഞ ഒക്ടോബർ മുതൽ തീരെ ശന്പളം മുടങ്ങി. ഒക്ടോബറിൽ മകൾ മരിച്ച വിവരമറിഞ്ഞപ്പോൾ തൊഴിലുടമ തന്നെ നാട്ടിലേയ്ക്ക് അയക്കാമെന്നു പറഞ്ഞതാണ്. എന്നാൽ പിന്നീടു പ്രതികരണം ഉണ്ടായില്ല. താൻ പല തവണ ഇന്ത്യൻ എംബസ്സിയെ സമീപിച്ചു. അവർ നിസ്സഹായരാണെന്നാണു പറഞ്ഞത്. പാസ്‌പോർട്ട് കാലാവധി കഴിഞ്ഞതായും 1200 ദിനാർ പിഴയൊടുക്കാതെ പോകാനാവില്ലെന്നുമായിരുന്നു അവർ പറഞ്ഞത്. സാമൂഹ്യ പ്രവർത്തകർ അറിയിച്ചത് പ്രകാരം ഇന്ത്യൻ വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.

