ഉയർ­ന്ന നി­രക്കു­കളിൽ വലഞ്ഞ് ടെ­ലി­കോം ഉപഭോ­ക്താ­ക്കൾ


മനാമ : ഏതാനും മാസങ്ങളായി ഉയർന്ന കോൾ നിരക്കും കുറഞ്ഞ ഇന്റർനെറ്റ് പരിധിയും മൂലം ബഹ്‌റൈനിലെ ടെലികോം ഉപഭോക്താക്കൾക്ക് ഓപ്പറേറ്റർമാരുടെ സേവനത്തിൽ അതൃപ്തിയുള്ളതായി റിപ്പോർട്ട്. മുന്പുണ്ടായിരുന്ന ചിലവു കുറഞ്ഞ പ്ലാനുകൾ ഒഴിവാക്കുകയും മിക്ക സേവനങ്ങൾക്കും നിരക്കുകൾ വർദ്ധിപ്പിക്കുകയും ചെയ്തതായി ഉപഭോക്താക്കൾ പറയുന്നു. നേരത്തെ നിരവധി ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമായിരുന്നു. ഇപ്പോൾ ആഭ്യന്തര − അന്താരാഷ്ട്ര കോളുകൾ ഉൾപ്പെടെ നേരത്തെ വാഗ്ദാനം ചെയ്ത പല ഓഫറുകളും ഡാറ്റ പാക്കേജുകളും നിർത്തലാക്കിയ സാഹചര്യമാണുള്ളത്. മുന്പ് ഒരു മാസം നാല് ദിനാറിന് ആഭ്യന്തര അന്താരാഷ്ട്ര കോളുകളും ഇന്റർനെറ്റും ഉൾപ്പെടുന്ന പ്ലാൻ മിക്ക ടെലിക്കോം ഓപ്പറേറ്റർമാരും നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ഇതേ പ്ലാനിന് ഏഴ് ദിനാർ നൽകണം. സാന്പത്തിക മേഖലയിലെ ഇടിവ് കാരണം ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് ഇത് ഇരുട്ടടി തന്നെയായി മാറുകയാണ്. 

പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് നിലവിലുള്ള പ്രതിമാസ താരിഫും വർദ്ധിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ അഞ്ച് ബഹ്‌റൈൻ ദിനാർ നൽകിവരുന്നവരുടെ താരിഫ് ആറാക്കി മാറ്റിയിട്ടുണ്ടെന്ന സന്ദേശവും ഉപഭോക്താക്കൾക്ക് ലഭിച്ചിട്ടുണ്ട്. 2017 ആഗസ്റ്റ് 30 മുതൽ ഒരു ദിനാർ കൂടി വർദ്ധിക്കുമെന്ന് മറ്റൊരു സന്ദേശവും ഉപഭോക്താക്കൾക്കും ലഭിച്ചിട്ടുണ്ട്. പ്ലാനുകളുടെ ബില്ലിംഗ് സൈക്കിൾ പോലും സമീപകാലത്ത് മാറ്റിയിട്ടുണ്ടെന്നും ഉപഭോക്താക്കൾ പരാതിപ്പെടുന്നു. ഇൻ്റർനാഷണൽ കോളുകൾ ഇപ്പോൾ ഡാറ്റായായി മാറ്റിയിട്ടാണ് ഓപ്പറേറ്റർമാർ ഉപഭോക്താക്കൾക്ക് നൽകുന്നതെന്നും പറയപ്പെടുന്നു. നാട്ടിലേയ്ക്ക് വിളിക്കുന്പോൾ പലപ്പോഴും ഇവിടുത്തെ നന്പറുകൾ അവിടെ തെളിയാറില്ല. ഇങ്ങിനെ ചെയ്യുന്നത് കാരണം വളരെ വലിയ ലാഭമാണ് ടെലിക്കോം കന്പനികൾ ഉണ്ടാക്കുന്നതെന്നും ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. 

അതേ സമയം രാജ്യത്ത് മൊബൈൽ ഓപ്പറേറ്റർമാർ നടപ്പിലാക്കുന്ന പുതിയ പ്ലാനുകളിലും പാക്കേജുകളിലും അധികാരികൾക്ക് യാതൊരു പങ്കുമില്ലെന്ന് കഴിഞ്ഞ ദിവസം ടി.ആർ.എ വ്യക്തമാക്കിരുന്നു. എന്നാൽ ടെലികമ്യൂണിക്കേഷൻ മേഖലയിൽ നിലവിലുള്ള സംഭവ വികാസങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതായും ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് സേവന ദാതാക്കൾ തമ്മിലുള്ള ആരോഗ്യകരമായ മത്സരം ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ടി.ആർ.എ കൺസ്യൂമർ മാനേജർ മറിയം അൽമനായി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed