അൽ ഹലാ സംഘർഷം : നിരവധിപേർ അറസ്റ്റിൽ
മനാമ : അൽ ഹലാ സ്പോർട്സ് ക്ലബ്ബിൽ അതിക്രമിച്ചുകടന്ന് ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് നിരവധി ബഹ്‌റൈൻ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ക്ലബ്ബിലെ കളിക്കാരും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർക്ക് വടികളും മരക്കഷ്ണങ്ങളും കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ബുധനാഴ്ചയായിരുന്നു സംഭവം. അൽ ഹലാ ഫുട്ബോൾ ടീമിന്റെ അസിസ്റ്റന്റ് കോച്ചും ദേശീയ പരിശീലകനുമായ അബ്ദുൾനാസർ ഹസനും ആക്രമണത്തിൽ പരിക്കേറ്റതായി അധികൃതർ സ്ഥിരീകരിച്ചു.
കണ്ണിന് താഴെ ആഴത്തിൽ മുറിവേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചു. കളിക്കാരേയും കോച്ചിനേയും ആക്രമിച്ചതിന് ശേഷം മടങ്ങുന്ന നിരവധിപേരടങ്ങുന്ന സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഒരു കളിക്കാരനും യുവാവും തമ്മിലുണ്ടായ പ്രശ്നങ്ങളാണ് സംഭവത്തിന്റെ തുടക്കം. പിന്നീട് യുവാവ് തന്റെ സുഹൃത്തുക്കളുമായി മുഹറഖിന് തെക്കുള്ള ക്ലബ്ബിലെത്തുകയും സായാഹ്‌ന പരിശീലനം നടത്തുകയായിരുന്ന കളിക്കാരെയും കോച്ചിനെയും ആക്രമിക്കുകയുമായിരുന്നു.
പ്രതികളെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്യുകയും കേസ് കോടതിയുടെ പരിഗണനക്ക് വിട്ടതായും മുഹറഖ് ഗവർണറേറ്റിലെ ചീഫ് പ്രോസിക്യൂട്ടർ അബ്ദുള്ള അൽ ദോസരി സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം നിരവധി പേരെ ചോദ്യം ചെയ്തതായും ചിലരെ അറസ്റ്റ് ചെയ്തതായും അൽ ദോസരി പറഞ്ഞു.

