അൽ ഫലാഹ് എക്സ്ചേഞ്ച് കന്പനിയെ ലുലു എക്സ്ചേഞ്ച് ഏറ്റെടുത്തു
മനാമ : പ്രമുഖ പണമിടപ്പാട് സ്ഥാപനമായ ലുലു എക്സ്ചേഞ്ച് യു.എ.ഇയിൽ പ്രവർത്തിക്കുന്ന അൽ ഫലാഹ് എക്സ്ചേഞ്ചിനെ പൂർണ്ണമായി ഏറ്റെടുത്തു. ഇതോടെ ജി.സി.സി രാജ്യങ്ങളിൽ തന്നെ മണി എക്സ്ചേഞ്ച് മേഖലയിൽ ഏറ്റവും വലിയ രണ്ടാമത്തെ സ്ഥാപനമായി ലുലു എക്സ്ചേഞ്ച് മാറിയെന്ന് അധികൃതർ അറിയിച്ചു. ഈ ഏറ്റെടുക്കലിന് ശേഷം യു.എ.ഇയിൽ 30 ശാഖകളിൽ നിന്ന് 73ലേയ്ക്കും, ആഗോളതലത്തിൽ 170 ശാഖകളിലേയ്ക്കുമായി ലുലു എക്സ്ചേഞ്ച് വളർന്നിരിക്കുകയാണ്. പുതിയ നീക്കത്തിലൂടെ ഉപഭോക്താവിന് കൂടുതൽ സേവനങ്ങൾ നൽകാൻ സാധിക്കുമെന്ന് ലുലു എക്സചേഞ്ച് മാനേജിങ്ങ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു.
മൂന്ന് വർഷങ്ങൾ കൊണ്ട് തെക്ക് കിഴക്കൻ പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിൽ തങ്ങളുടെ സേവനങ്ങളെത്തിക്കാനും, അതിന് ശേഷം യൂറോപ്പ് വിപണിയിലേയ്ക്ക് ചുവട് വെക്കുവാനാണ് തങ്ങൾ പദ്ധതിയിടുന്നതെന്നും, 2020ഓടു കൂടി പണമിടപാടുകളിൽ 30 ശതമാനമെങ്കിലും ഡിജിറ്റൽ പ്ലാറ്റ്ഫോമിലേയ്ക്ക് മാറുമെന്നും അദ്ദേഹം അറിയിച്ചു.
എട്ട് വർഷങ്ങൾക്ക് മുന്പ് അബുദാബിയിൽ പ്രവർത്തനമാരംഭിച്ച ലുലു എക്സ്ചേഞ്ച് ഇന്ന് ഒമാൻ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപൈൻസ്, സീ ഷെൽസ് എന്നിവടങ്ങളിലാണ് പ്രവർത്തിക്കുന്നത്.

