ബഹ്റൈനിൽ പലിശ കുരുക്കുകൾ മുറുകുന്നു
മനാമ: ബഹ്റൈൻ പ്രവാസികളുടെ ഇടയിൽ കൊള്ള പലിശ സംഘങ്ങൾ സജീവമാകുന്നു. സാന്പത്തിക പ്രതിസന്ധികൾ വർദ്ധിച്ചതോടെ ജീവിത ചിലവുകളുമായി ഒത്തു പോകാൻ വേണ്ടിയുള്ള പരക്കം പാച്ചിലിനിടയിലാണ് സാധാരണക്കാരായ മിക്കവരും പലിശക്കെണിയിൽ പെട്ട് കുരുങ്ങുന്നത്. ബാങ്കുകളിൽ നിന്ന് ലോണുകൾ എടുത്തും, നാട്ടിൽ നിന്ന് പണം കൊണ്ടുവന്നും വളരെ പ്രൊഫഷണൽ രീതിയിൽ പലിശ ഇടപാടുകൾ നടത്തിവരുന്നവരുടെ എണ്ണവും ഇതോടൊപ്പം ദിനംപ്രതി കൂടുകയാണ്. പലിശയ്ക്ക് പണം നൽകുന്നവരിൽ ജീവിതത്തിന്റെ സമസ്ത മേഖലകളിൽ ഉള്ളവരും ഉൾപ്പെടുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പണം റോൾ ചെയ്യാനുള്ള അവസരം ലഭിക്കുന്നതും പലിശയ്ക്ക് പണം നൽകാനുള്ള പ്രോത്സാഹനമാകുന്നു. പ്രത്യേകിച്ച് ട്രേഡിംഗ് മേഖലയിൽ ജോലി ചെയ്യുന്ന നിരവധി പേരാണ് ഇത്തരത്തിൽ പലിശ വീരന്മാരായി മാറുന്നത്. വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, എഞ്ചിനീയർമാർ, വക്കീലന്മാർ തുടങ്ങി ബഹ്റൈന്റെ പ്രവാസ ജീവിതത്തിലെ സാമൂഹ്യ സാംസ്കാരിക സാഹിത്യ മേഖലകളിലെ പല പ്രമുഖരും ഒളിഞ്ഞും തെളിഞ്ഞും കൊള്ള പലിശയ്ക്ക് പണം നൽകുന്നവരാണ്.
കഴിഞ്ഞ ദിവസം സാമൂഹ്യപ്രവർത്തകനായ സലാം മന്പാട്ടുമൂല അദ്ദേഹത്തിന്റെ ഫേസ് ബുക്ക് വാളിലൂടെ പലിശയ്ക്ക് പണമെടുത്ത് കുടങ്ങി പോയ കാസർഗോഡ് സ്വദേശി മുരുകൻ എന്നയാളുടെ കദന കഥ പോസ്റ്റ് ചെയ്തിരുന്നു. നാല് വർഷത്തോളമായി ബഹ്റൈനിൽ ജോലി ചെയ്തു വന്നിരുന്ന നാൽപ്പത്തിയഞ്ച് വയസുള്ള ഇദ്ദേഹം നാട്ടിലെ തന്റെ മകന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് പലപ്പോഴായി പലിശക്കാരനായ മലയാളിയുടെ കൈയിൽ നിന്ന് 1200 ദിനാറോളം വാങ്ങിയത്. പാസ്പോർട്ട് പണയപ്പെടുത്തിയിട്ടായിരുന്നു ഈ വായ്പ അദ്ദേഹം വാങ്ങിയത്. പിന്നീട് 2880 ദിനാറോളം അദ്ദേഹം പലിശയുടെ കണക്കിൽ നൽകിയിട്ടു പോലും മുതൽ ലഭിച്ചില്ലെന്ന് പറഞ്ഞ് കടം കൊടുത്തയാളും സംഘവും ശല്യപ്പെടുത്താൻ തുടങ്ങി. സുഹൃത്തുക്കൾക്കൊപ്പം താമസിച്ചിരുന്ന മുറിയിൽ വരെ ഇവർ എത്തിയതോടെ മറ്റ് വഴികളില്ലാത്തത് കാരണം മുരുകന് താമസസ്ഥലം ഉപേക്ഷിക്കേണ്ടി വന്നു. തുടർന്ന് ചുട്ടുപൊള്ളുന്ന ചൂടിനെ വകവെക്കാതെ ഇദ്ദേഹം കിടന്നുറങ്ങിയത് ബുദയ്യയിലെ ഒരു പള്ളിയുടെ പുറത്തായിരുന്നു. ഈ സംഭവം അറിഞ്ഞാണ് കെ.എം.സി.സിയുടെ മലപ്പുറം ജില്ലാ പ്രസിഡണ്ട് കൂടിയായ സലാം മന്പാട്ടുമൂല ഇയാളെ കാണാനെത്തിയത്. ഏറെ ശ്രമങ്ങൾക്ക് ശേഷം പലിശക്കാരനിൽ നിന്ന് മുരുകന്റെ പാസ്പോർട്ട് തിരികെ വാങ്ങാൻ സലാമിന് സാധിച്ചു. സോഷ്യൽ മീഡിയയിലൂടെ താനീ കാര്യം പറയുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് സമൂഹത്തിൽ ഏറെ അറിയപ്പെടുന്ന ഈ പലിശക്കാരൻ അയഞ്ഞതെന്ന് സലാം പറയുന്നു.
അതേസമയം ഇത്തരം മാധ്യമങ്ങളെ ഒന്നും ഒരു ഭയവുമില്ലാതെ കൊള്ളപലിശയ്ക്ക് കടം കൊടുക്കുന്നവരും ധാരാളമായി ഇവിടെയുണ്ട്. ഇതിൽ ചിലർ പലിശയ്ക്ക് കടം വാങ്ങുന്നവരെ പീഢിപ്പിക്കുന്നതിനോടൊപ്പം തന്നെ അവരുടെ കുടുംബത്തെയും പീഢിപ്പിക്കുന്നവരാണ്. കുടുംബത്തോടൊപ്പം താമസിക്കുന്നവരുടെ വീടുകളിൽ അസമയങ്ങളിൽ സംഘമായി എത്തി ഭീഷണിപ്പെടുത്തുന്നതാണ് ഇവരുടെ രീതി. അപമാനത്തെ ഭയന്ന് വീണ്ടും പലിശയ്ക്ക് തന്നെ കടമെടുത്ത് ഇത്തരം ഭീഷണികളെ തൽക്കാലത്തേയ്ക്ക് ഒതുക്കാൻ ശ്രമിക്കുമെങ്കിലും പിന്നീട് ഈ കുരുക്ക് മുറുകി വരികയാണ് ചെയ്യുന്നത്.
നേരത്തേ ബഹ്റൈനിലെ പല ബാങ്കുകളും ചെറിയ പലിശയ്ക്ക് പ്രവാസികളായവർക്ക് ലോണുകൾ നൽകുന്നത് പതിവായിരുന്നു. പലരും ക്രെഡിറ്റ് കാർഡുകളും ഇങ്ങിനെ കരസ്ഥമാക്കിയിട്ടുണ്ട്. എന്നാൽ സാന്പത്തിക രംഗത്തും തൊഴിൽ വിപണിയിലുമുണ്ടായിട്ടുള്ള അസ്ഥിരത കാരണം ഏറെ അന്വേഷണങ്ങൾക്ക് ശേഷമാണ് പ്രമുഖ ബാങ്കുകൾ പോലും ലോണുകളോ ക്രെഡിറ്റ് സൗകര്യങ്ങളോ നൽകിവരുന്നത്. ഇതും അമിത പലിശയ്ക്ക് കടം നൽകുന്നവർക്ക് നേട്ടമായി മാറുന്നുണ്ട്. ബഹ്റൈനിൽ ചെക്ക് സൗകര്യമില്ലെങ്കിൽ നാട്ടിലുള്ള ചെക്കാണ് പൊതുവെ ഈടായി വാങ്ങുന്നത്. ഇതിൽ തന്നെ അമിതമായി പലിശ വാങ്ങുന്നവർ പാസ്പോർട്ടാണ് പണയ വസ്തുവായി വാങ്ങിവെക്കുന്നത്. ഇത്തരം കുരുക്കിൽ പെട്ട് വർഷങ്ങളായി നാട്ടിൽ പോകാതെയും, വിസയടിക്കാതെയും ഇവിടെ ജീവിക്കുന്നവരും ഏറെയാണ്. മലയാളികൾക്കൊപ്പം തന്നെ കർണാടക സ്വദേശികളും ഇപ്പോൾ പലിശ മേഖലകളിൽ സജീവമാണ്. ഇങ്ങിനെ പലിശയ്ക്ക് പണം നൽകുന്നവരുടെ ജീവിതം ഏറെ ആഡംബരം നിറഞ്ഞത് കൂടിയാണ്.
മുന്പ് സമാനമായ അവസ്ഥ ഉണ്ടായപ്പോൾ ഇവിടെ പലിശരഹിത മുന്നണി എന്ന പേരിൽ സന്നദ്ധ പ്രവർത്തകരുടെ ഒരു കൂട്ടായ്മ രൂപീകരിച്ചിരുന്നു. എന്നാൽ ഇതിൽ ഉണ്ടായിരുന്ന ചില പ്രവർത്തകർ നാട്ടിലേയ്ക്ക് മടങ്ങിയതോടെ ഈ കൂട്ടായ്മ നിർജീവമായ അവസ്ഥയിലാണ് ഉള്ളത്. പല സജീവ സാമൂഹ്യപ്രവർത്തകർക്കും പലിശ മാഫിയയുമായുള്ള ദൃഢമായ ബന്ധം ഉള്ളത് കൊണ്ടാണ് ഇതിനെതിരെ പ്രതികരിക്കാനോ, ഇരകളായവരെ സഹായിക്കാനോ സാധിക്കാത്തതെന്ന് പലിശക്കെണിയിൽ പെട്ടവർ പരസ്യമായും, സാമൂഹ്യപ്രവർത്തകർ രഹസ്യമായും പറയുന്നു.
പലിശക്കുരുക്കിൽപെട്ട് ബുദ്ധിമുട്ടുന്നവർ അവരുടെ കദനകഥ പുറംലോകത്തെത്തിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഫോർ പി.എമ്മുമായി ബന്ധപ്പെടുക. വിളിക്കേണ്ട നന്പർ: 17579897.

