രാജ്യത്തെ വികസന പദ്ധതികൾ തുടരുമെന്ന് പ്രധാനമന്ത്രി


മനാമ : ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവിന്റെ നേതൃത്വത്തിൽ ബഹ്‌റൈൻറെ ഭാവി സമൃദ്ധവും തിളക്കമുള്ളതുമാണെന്ന് പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന് നിർമാണവും പുരോഗമന പ്രക്രിയകളും  മുടക്കമില്ലാതെ തുടരേണ്ടത് അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നഗരങ്ങളിലും ഗ്രാമങ്ങളിലും, വികസനവും ആധുനികവൽക്കരണവും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ രാജ്യം എല്ലാ തലങ്ങളിലും വളർച്ച കൈവരിക്കുന്നുണ്ട്.
 
ബഹ്‌റൈൻ ജനതയുടെ ഉദാരതയും വിശ്വസ്തതയും രാജ്യത്തിന്റെ നേതൃത്വത്തോടുള്ള കടപ്പാടും പ്രശംസാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ഈ പദ്ധതികൾ അതിവേഗത്തിൽ പൂർത്തീകരിക്കും. പദ്ധതികൾ പൗരന്മാർക്ക് പ്രയോജനകരമാക്കുന്നതിനോടൊപ്പം ബഹ്‌റൈനെ നിക്ഷേപ സൗഹൃദ രാജ്യമായി ഉയർത്താനും തങ്ങൾ പദ്ധതിയിടുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
 
രാജ കുടുംബാംഗങ്ങൾക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ദേശീയ ഐക്യമാണ് ബഹ്‌റൈന്റെ കരുത്ത്. രാജ്യത്തിനും ജനങ്ങളുടെ സമൃദ്ധിക്കും വേണ്ടിയുള്ള നമ്മുടെ ആഗ്രഹങ്ങൾ നേടിയെടുക്കുന്നതിന് അനേകം വെല്ലുവിളികൾ നേരിടേണ്ടതുണ്ട്. പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിന് ജനങ്ങൾ വഹിക്കുന്ന പങ്കാളിത്തത്തെയും അദ്ദേഹം പ്രശംസിച്ചു.
രാജ്യത്തിന്റെ പുരോഗതിയും സമൃദ്ധിയും ലക്ഷ്യമാക്കിയുള്ള എല്ലാ പരിശ്രമങ്ങൾക്കും പ്രധാനമന്ത്രിക്ക് ആത്മാർത്ഥമായ നന്ദി പ്രകടിപ്പിച്ച ജനങ്ങൾ, ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവിനും പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫക്കും ദീർഘായുസും നേർന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed