ബഹ്റിനിലെ ബാങ്കിങ് നയങ്ങൾ നിക്ഷേപകർക്ക് പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നു
മനാമ : ബഹ്‌റിനിൽ നിലവിലുള്ള ചില ബാങ്കിങ് നയങ്ങൾ വിദേശ നിക്ഷേപകർക്ക് പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. രാജ്യത്ത് ഗവണ്മെന്റ് വിദേശനിക്ഷേപങ്ങൾക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നുണ്ടെങ്കിൽ പോലും, ബാങ്കുകളുടെ ചില നയങ്ങൾ നിക്ഷേപകരെ പിന്നോട്ട് വലിക്കുന്നതായി വ്യവസായികളും, ബിസിനസ് കൺസൾട്ടന്റുമാരും പറയുന്നു.
വിദേശ നിക്ഷേപകർക്ക് രാജ്യത്ത് നിക്ഷേപം സാധ്യമാകണമെങ്കിൽ ഒരു ബാങ്ക് അക്കൗണ്ട് അത്യാവശ്യമാണ്. എന്നാൽ ബഹ്‌റിനിൽ റെസിഡൻസ് വിസയും, സി.പി.ആർ കാർഡും ഇല്ലെന്ന കാരണത്താൽ അക്കൗണ്ട് തുറക്കുന്നതിന് ബാങ്കുകൾ അനുവദിക്കുന്നില്ല. അതുകൊണ്ട് തന്നെ നിക്ഷേപത്തിനായി ബഹ്‌റിനിലെത്തുന്ന വ്യവസായിക്ക് ഇവിടെ കന്പനി തുടങ്ങും മുന്പേ എങ്ങിനെയാണ് ഇതെല്ലാം ലഭിക്കുന്നതെന്നാണ് നിക്ഷേപകർ ചോദിക്കുന്നത്.
നിക്ഷേപകരെ സംബന്ധിച്ച് ബഹ്‌റിൻ നല്ലൊരു അവസരമാണ് തുറക്കുന്നത്. എന്നാൽ ഈ അവസരങ്ങൾ കണ്ട് ഇവിടെയുത്തുന്നവർ ഗവൺമെന്റിൽ നിന്നുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാൽ പോലും ബാങ്കുകളുടെ ഈ നയം മൂലം ഇവിടെ വ്യവസായം ആരംഭിക്കാൻ ചിലർക്ക് പ്രയാസപ്പെടുന്നു. എന്നാൽ വലിയ നിക്ഷേപം നടത്തുന്നവർക്ക് വേണ്ടി ബാങ്കുകൾ നടപടിക്രമങ്ങൾ സുഗമമാക്കുന്നുണ്ട്. മുൻപ് ഈ പ്രശ്നം ഇല്ലായിരുന്നെന്നും, കഴിഞ്ഞ കുറച്ച് മാസങ്ങളായാണ് ഈ നൂലാമാലകൾ തുടങ്ങിയതെന്നുമാണ് പലരും പറയുന്നത്. അധികൃതർ ഈ പ്രശ്നത്തിന് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് ചില വ്യവസായികൾ.

