എൻ.പി.ആർ.എയ്ക്ക് പുതിയ ആസ്ഥാനം
മനാമ : നാഷണാലിറ്റി, പാസ്‌പോർട്ട് ആന്റ് റെസിഡൻസ് അഫേയ്ഴ്സ് (എൻ.പി.ആർ.എ) ജനറൽ ഡയറക്ടറേറ്റിന് വൈകാതെ തന്നെ പുതിയ ആസ്ഥാനം ലഭിക്കുമെന്ന് റിപ്പോർട്ട്. നിലവിൽ തലസ്ഥാനത്തെ എക്സിബിഷൻസ് അവന്യുവിലാണ് എൻ.പി.ആർ.എ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും കൂടുതൽ സൗകര്യപ്രദമായ ഒരിടത്തേയ്ക്ക് ഇത് മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിർദ്ദേശത്തിന് ബഹ്‌റിൻ നിയമനിർമ്മാണ സഭ അംഗീകാരം നൽകിയിട്ടുണ്ട്. എൻ.പി.ആർ.എയിലേക്കുള്ള സന്ദർശകരുടെ എണ്ണം വർദ്ധിച്ചു വരുന്നത് നിലവിലെ ആസ്ഥാനത്ത് അസൗകര്യമുണ്ടാക്കുന്നുണ്ട്. ഈ പ്രദേശത്ത് ഇത്രയും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് മതിയായ സൗകര്യം ഇല്ലാത്തതും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത് കണക്കിലെടുത്താണ് എൻ.പി.ആർ.എ ആസ്ഥാനം ഇവിടെ നിന്ന് മാറ്റുന്നതുംനായി ബന്ധപ്പെട്ട നിർദ്ദേശം മുന്നോട്ട് വന്നിരിക്കുന്നത്.
ഗുദൈബിയ പാലസിൽ ഇന്നലെ നടന്ന യോഗത്തിലാണ് എം.പിമാർ വോട്ട് ചെയ്ത ഈ നിർദ്ദേശത്തിന് അംഗീകാരം നൽകിയത്. ഗവണ്മെന്റ് ഇത് സംബന്ധിച്ച പഠനം നടത്തിയ ശേഷം ആറ് മാസത്തിനുള്ളിൽ പ്രതികരണമറിയിക്കും.

