1,000 ദിനാർ ശമ്പളത്തിൽ മസാജ് തെറാപ്പിസ്റ്റ് ജോലി വാഗ്ദാനം; യുവതികളെ പെൺവാണിഭത്തിന് ഇരയാക്കിയ മൂന്ന് പേർ ബഹ്റൈൻ കോടതിയിൽ


ഷീബ വിജയൻ

മനാമ: പ്രതിമാസം 1,000 ബഹ്‌റൈൻ ദിനാർ ശമ്പളത്തിൽ മസാജ് തെറാപ്പിസ്റ്റ് ജോലി വാഗ്ദാനം ചെയ്ത് തായ്‌ലൻഡിൽ നിന്ന് ബഹ്‌റൈനിലെത്തിച്ച രണ്ട് യുവതികളെ നിർബന്ധിച്ച് പെൺവാണിഭത്തിന് ഇരയാക്കിയ കേസിൽ മൂന്ന് തായ് സ്വദേശിനികൾ വിചാരണ നേരിടുന്നു. മനുഷ്യക്കടത്ത്, ക്രിമിനൽ സംഘമായി പ്രവർത്തിച്ച് യുവതികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കൽ, നിയമവിരുദ്ധമായി തടങ്കലിൽ പാർപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് 37, 39, 45 വയസ്സുള്ള പ്രതികൾക്കെതിരെ ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ നടക്കുന്നത്.

വഞ്ചനയിലൂടെയും ഭീഷണിപ്പെടുത്തിയും യുവതികളെ ലൈംഗികത്തൊഴിലിന് നിർബന്ധിച്ച പ്രതികൾ, നാട്ടിലേക്ക് മടങ്ങണമെങ്കിൽ യാത്രാച്ചെലവുകൾ ഉൾപ്പെടെയുള്ള കടബാധ്യതകൾ തിരികെ നൽകണമെന്ന് വിശ്വസിപ്പിച്ചാണ് ചൂഷണം തുടർന്നതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. യുവതികളെ നിയന്ത്രണത്തിലാക്കുന്നതിനായി ഇവരുടെ പാസ്‌പോർട്ടുകൾ പ്രതികൾ പിടിച്ചുവെക്കുകയും, പെൺവാണിഭത്തിലൂടെ ലഭിക്കുന്ന പണം വരുമാനമാർഗ്ഗമാക്കുകയും ചെയ്തു.

ബഹ്‌റൈനിൽ വിമാനമിറങ്ങിയ യുവതികളെ ഒന്നാം പ്രതി സ്വീകരിച്ച് ഒരു ഫ്ലാറ്റിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെവെച്ച് പാസ്‌പോർട്ടുകൾ പിടിച്ചെടുത്ത ശേഷം, മസാജ് മേഖലയിൽ ജോലിയില്ലെന്നും പകരം ലൈംഗികത്തൊഴിലിൽ ഏർപ്പെടണമെന്നും അറിയിച്ചു. ഉപഭോക്താക്കളെ കണ്ടെത്തുന്നതിനായി നൈറ്റ് ക്ലബ്ബുകളിൽ പോകാൻ നിർദ്ദേശിച്ചപ്പോൾ യുവതികൾ വിസമ്മതിച്ചു. എന്നാൽ നാട്ടിലേക്ക് മടങ്ങാനുള്ള പണം സമ്പാദിക്കുന്നത് വരെ ജോലി തുടരണമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തുകയായിരുന്നു. പ്രതികളോടുള്ള ഭയം കാരണം മറ്റ് മാർഗ്ഗങ്ങളില്ലാതെ യുവതികൾ നൈറ്റ് ക്ലബ്ബുകളിൽ പോകാൻ നിർബന്ധിതരായെന്നും, അനുവാദമില്ലാതെ മുറിക്ക് പുറത്തിറങ്ങാൻ പോലും ഇവരെ അനുവദിച്ചിരുന്നില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

ഒടുവിൽ, യുവതികൾ എങ്ങനെയോ തായ് എംബസിയുമായി ബന്ധപ്പെടുകയും എംബസി അധികൃതർ ആന്റി ട്രാഫിക്കിംഗ് ഡയറക്ടറേറ്റിൽ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് അധികൃതർ നടത്തിയ നീക്കത്തിലാണ് യുവതികളെ മോചിപ്പിക്കാനും പ്രതികളെ അറസ്റ്റ് ചെയ്യാനും സാധിച്ചത്.

ഒന്നാം പ്രതിയുടെ നേതൃത്വത്തിലുള്ള ഒരു ക്രിമിനൽ ശൃംഖലയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ മൊഴി നൽകി. തായ്‌ലൻഡിൽ നിന്ന് യുവതികളെ റിക്രൂട്ട് ചെയ്ത് ബഹ്‌റൈനിലെത്തിച്ച് സാമ്പത്തിക ലാഭത്തിനായി പെൺവാണിഭത്തിന് ഉപയോഗിക്കുകയായിരുന്നു ഇവരുടെ രീതി. ഒന്നാം പ്രതിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് രണ്ടും മൂന്നും പ്രതികൾ പ്രവർത്തിച്ചിരുന്നത്. വിമാനത്താവളത്തിൽ നിന്ന് യുവതികളെ കൂട്ടിക്കൊണ്ടുവരിക, തടങ്കലിൽ പാർപ്പിക്കുക, യാത്രാ-ഇമിഗ്രേഷൻ ചെലവുകൾ തിരികെ നൽകാൻ സമ്മർദ്ദം ചെലുത്തുക എന്നിവയായിരുന്നു ഇവരുടെ ചുമതല.

യുവതികളിൽ നിന്ന് ലഭിക്കുന്ന പണം സംഘത്തലവയായ ഒന്നാം പ്രതിക്ക് അയച്ചുകൊടുക്കുകയും, മറ്റ് രണ്ട് പ്രതികൾ യുവതികളുടെ താമസ-ഭക്ഷണ ചെലവുകൾ കൈകാര്യം ചെയ്യുകയുമായിരുന്നു. രണ്ടും മൂന്നും പ്രതികളും പെൺവാണിഭത്തിൽ ഏർപ്പെട്ടിരുന്നതായും ജോലിക്ക് വിസമ്മതിക്കുന്ന യുവതികളെ കടം വീട്ടാതെ പോകാനാവില്ലെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ഉദ്യോഗസ്ഥൻ കോടതിയിൽ വ്യക്തമാക്കി.

article-image

asadsdsds

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed