ഭർത്താവിന്റെ മരണത്തിന് പിന്നാലെ സ്ത്രീയെ കുടിയൊഴിപ്പിക്കാനുള്ള ഭൂവുടമയുടെ ഹർജി തള്ളി ബഹ്റൈൻ കോടതി
പ്രദീപ് പുറവങ്കര
മനാമ: വാടകക്കാരന്റെ മരണം മാത്രം ചൂണ്ടിക്കാട്ടി അദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന വിദേശി വനിതയെ വീട്ടിൽ നിന്ന് കുടിയൊഴിപ്പിക്കാനാകില്ലെന്ന് ബഹ്റൈൻ ഹൈ സിവില്‍ കോടതി വിധിന്യായം പുറപ്പെടുവിച്ചു. സ്ത്രീ വീട് കൈയേറി താമസിക്കുകയാണെന്നും ഇവർക്കെതിരെ ക്രിമിനൽ പരാതി നൽകിയിട്ടുണ്ടെന്നും കാണിച്ച് ഭൂവുടമ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിർണ്ണായക തീരുമാനം.
2002 ഒക്ടോബർ 1-നാണ് മരണപ്പെട്ട ഭർത്താവ് ഈ വീട് വാടകയ്ക്കെടുക്കുന്നത്. അന്നുമുതൽ തന്നെ സ്ത്രീ ഇവിടെ നിയമപരമായാണ് താമസിച്ചുപോന്നതെന്ന് കോടതി നിരീക്ഷിച്ചു. ഒരു വർഷത്തെ വാടക കരാർ കാലാവധി പൂർത്തിയായ ശേഷവും ഭൂവുടമയുടെ അറിവോടെയും എതിർപ്പുകളില്ലാതെയുമാണ് ഇവർ താമസിച്ചിരുന്നത്. കൂടാതെ ഭൂവുടമ ഇക്കാലയളവിൽ വാടക തുക കൈപ്പറ്റുകയും ചെയ്തിരുന്നു. നിലവിലുള്ള നിയമപ്രകാരം, മുൻ കരാറിലെ വ്യവസ്ഥകളോടെ വാടക കാലാവധി നീട്ടപ്പെട്ടതായി കരുതണമെന്നും കോടതി ചൂണ്ടിക്കാട്ടി.
സ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഭൂവുടമ മുൻകൂട്ടി നോട്ടീസ് നൽകുകയോ, നിയമപരമായ താമസാവകാശം അവസാനിച്ചതായി അറിയിക്കുകയോ ചെയ്തിട്ടില്ല. അതിനാൽ ഈ സ്ത്രീയുടെ താമസം നിയമവിരുദ്ധമാണെന്ന് തെളിയിക്കുന്നതിൽ ഭൂവുടമ പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കിയാണ് കുടിയൊഴിപ്പിക്കൽ ഹർജി കോടതി തള്ളിയത്.
അതേസമയം, നിയമപരമായ നിബന്ധനകൾ പാലിച്ചുകൊണ്ട് ഭാവിയിൽ വാടകക്കരാർ അവസാനിപ്പിക്കാനും കുടിയൊഴിപ്പിക്കൽ നടപടികളുമായി മുന്നോട്ട് പോകാനും ഭൂവുടമയ്ക്ക് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കയിട്ടുണ്ട്.
asdasd

