വീഴ്ചയുടെ ആഴം തേടി സിപിഎം; വിശാല സംസ്ഥാന സമിതി യോഗത്തിന് തുടക്കമായി


ഷീബ വിജയൻ
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ കാരണങ്ങൾ പരിശോധിച്ച് തിരുത്തൽ നടപടികൾക്ക് രൂപം നൽകാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗത്തിന് ഇന്ന് കോഴിക്കോട്ട് തുടക്കമാകും. മൂന്ന് ദിവസം നീളുന്ന യോഗം പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്യും. എന്നാൽ തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ പിണറായി വിജയനും എം.വി. ഗോവിന്ദനും ഉൾപ്പെടെയുള്ള നേതൃനിരയ്‌ക്കെതിരെ ഉയരാനിടയുള്ള വിമർശനങ്ങൾക്ക് യോഗത്തിൽ കടിഞ്ഞാൺ ഇട്ടിരിക്കുകയാണ്.

സംസ്ഥാന സമിതി അംഗങ്ങളെ പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ നിന്ന് ഒഴിവാക്കി. പാർട്ടിയുടെ പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾക്കും വർഗ-ബഹുജന സംഘടനാ പ്രതിനിധികൾക്കും മാത്രമാണ് പങ്കെടുക്കാനാകുക. സംസ്ഥാന സമിതി അംഗങ്ങളെ ഒഴിവാക്കിയതോടെ നേതൃമാറ്റം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിക്കാനിടയുള്ള നേതാക്കളുടെ ശബ്ദവും പരിമിതപ്പെടും.

സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കിയ റിപ്പോർട്ട് നേരത്തെ സംസ്ഥാന സമിതി ചർച്ച ചെയ്ത് അംഗീകരിച്ചതിനാൽ അതേ റിപ്പോർട്ട് വീണ്ടും സംസ്ഥാന സമിതി അംഗങ്ങൾ ചർച്ച ചെയ്യേണ്ടതില്ലെന്ന പാർട്ടി കീഴ്‌വഴക്കമാണ് നിയന്ത്രണത്തിന് കാരണമായി നേതൃത്വം ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ചർച്ചയിലെ നിയന്ത്രണത്തിൽ പാർട്ടിക്കുള്ളിൽ അതൃപ്തി ശക്തമാണ്.

റിപ്പോർട്ട് വിശാല സംസ്ഥാന സമിതിയിൽ നേരിട്ട് അവതരിപ്പിച്ചാൽ മതിയായിരുന്നുവെന്നും സംസ്ഥാന സമിതി അംഗങ്ങളെ ചർച്ചയിൽ നിന്ന് ഒഴിവാക്കേണ്ട സാഹചര്യമില്ലെന്നുമാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ ഉത്തരവാദിത്തം സംബന്ധിച്ച് നേതൃത്വത്തിനെതിരെ വിമർശനം ഉയരാനുള്ള സാധ്യതയുള്ള സാഹചര്യത്തിലാണ് ഈ നിയന്ത്രണമെന്ന വിലയിരുത്തലും പാർട്ടിക്കുള്ളിലുണ്ട്.

അതേസമയം പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള മാസപ്പടി കേസ് ഉൾപ്പെടെയുള്ള ഇഡി നീക്കത്തിൽ സിപിഎമ്മിനുള്ളിൽ പൊതുവേ ഏകാഭിപ്രായമാണ്. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പാർട്ടിയെ ദുർബലപ്പെടുത്താനുള്ള ആസൂത്രിത രാഷ്ട്രീയ നീക്കമാണ് നടക്കുന്നതെന്നാണ് നേതാക്കളുടെ നിലപാട്. സംഘപരിവാർ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് ഇഡി നീക്കത്തെ പാർട്ടി കാണുന്നത്.

article-image

cxcxzxzcxz

You might also like

  • Lulu Exchange
  • Straight Forward

Most Viewed