സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ കുതിപ്പ്; ആദ്യ അഞ്ച് മാസത്തില്‍ 9000 കോടിയിലധികം കൂടി
ഷീബ വിജയൻ
നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ അഞ്ച് മാസം കേരളത്തിന്റെ നികുതി വരുമാനത്തില്‍ വലിയ മുന്നേറ്റം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 9,000 കോടി രൂപയിലധികം അധിക വരുമാനമാണ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചത്. ഓണവിപണി സജീവമായിരുന്ന കഴിഞ്ഞ മാസം മാത്രം നികുതി വരുമാനത്തില്‍ 4,700 കോടിയുടെ വര്‍ധനയാണുണ്ടായത്. റവന്യൂ കമ്മി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞെങ്കിലും, സര്‍ക്കാരിന്റെ മൊത്തം കടമെടുപ്പ് ഉയര്‍ന്നിട്ടുണ്ടെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.
ആദ്യ അഞ്ച് മാസത്തില്‍ ആകെ ജിഎസ്ടി വരുമാനം 20,274 കോടി രൂപയാണ്. ബജറ്റില്‍ പ്രതീക്ഷിച്ചതിന്റെ 40 ശതമാനത്തോളം തുക ഇക്കാലയളവില്‍ ഖജനാവിലെത്തി. കഴിഞ്ഞ വര്‍ഷം ഇത് 35 ശതമാനം മാത്രമായിരുന്നു. ആദ്യ അഞ്ച് മാസത്തെ ആകെ നികുതി വരുമാനം 51,578.32 കോടി രൂപയാണ്. വില്‍പന നികുതി കഴിഞ്ഞ വര്‍ഷത്തിന് സമാനമായ നിലയില്‍ തുടരുന്നു. ഓണക്കാലത്തിന്റെ കരുത്തില്‍ കഴിഞ്ഞ മാസം മാത്രം 14,118 കോടി രൂപ നികുതിയായി പിരിച്ചെടുക്കാനായി.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നികുതിയേതര വരുമാനത്തില്‍ എട്ട് ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. ആകെ 7,727 കോടി രൂപയാണ് ഇത്തരത്തില്‍ സമാഹരിച്ചത്. എന്നാല്‍ കഴിഞ്ഞ മാസം കേന്ദ്രത്തില്‍ നിന്ന് ഗ്രാന്‍ഡ് ഇനത്തില്‍ ഒരു രൂപ പോലും ലഭിച്ചിട്ടില്ല. ആദ്യ അഞ്ച് മാസത്തെ റവന്യൂ കമ്മി ബജറ്റ് കണക്കുകളുടെ പകുതിയായ 18,688 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ റവന്യൂ കമ്മി 20,000 കോടി രൂപയായിരുന്നു എന്നതിനാല്‍ ഇതില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്.
റവന്യൂ കമ്മി കുറഞ്ഞെങ്കിലും സര്‍ക്കാരിന്റെ കടമെടുപ്പ് വര്‍ധിച്ചു. ആദ്യ അഞ്ച് മാസത്തിലെ ആകെ കടം 30,560.93 കോടി രൂപയാണ്. കഴിഞ്ഞ മാസം മാത്രം 4,099 കോടി രൂപ കടമെടുത്തു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 26,974.13 കോടി രൂപയായിരുന്നു കടമെടുത്തത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മൂലധന ചെലവും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധിച്ചിട്ടുണ്ട്. ആദ്യ അഞ്ച് മാസത്തെ മൂലധന ചെലവ് 10,458 കോടി രൂപയാണ്.
dsdssdds

