ചികിത്സാ പിഴവ് മൂലമുള്ള വിദേശവനിതയുടെ മരണം: രണ്ട് ഡോക്ടർമാർക്ക് ആറുമാസം തടവ് വിധിച്ച ശിക്ഷ ശരിവെച്ച് പരമോന്നത കോടതി


പ്രദീപ് പുറവങ്കര

മനാമ: പ്രമേഹ രോഗ ബാധ കൃത്യമായി നിർണ്ണയിക്കാതെ ചികിത്സാ പിഴവ് വരുത്തുകയും വിദേശവനിത മരണപ്പെടുകയും ചെയ്ത സംഭവത്തിൽ രണ്ട് ഡോക്ടർമാർക്ക് ആറുമാസം വീതം തടവുശിക്ഷ വിധിച്ച നടപടി ബഹ്റൈൻ പരമോന്നത കോടതി (കോർട്ട് ഓഫ് കസേഷൻ) ശരിവെച്ചു.

2022 മാർച്ച് 6-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ വിദേശവനിതയ്ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും യാത്ര ചെയ്യാൻ സാധിക്കാതെ വരികയും ചെയ്തതിനെ തുടർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ എമർജൻസി വിഭാഗത്തിലേക്ക് പ്രവേശിപ്പിച്ചു. പരിശോധനയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്ന നിലയിലാണെന്ന് കണ്ടെത്തിയിട്ടും ഇവരെ ജനറൽ മെഡിസിൻ വിഭാഗത്തിലേക്ക് നിർദ്ദേശിക്കുന്നതിന് പകരം ഒന്നാം പ്രതി സൈക്യാട്രിക് ആശുപത്രിയിലേക്ക് അയക്കുകയാണുണ്ടായത്. തുടർന്ന് ചുമതലയുണ്ടായിരുന്ന കൺസൾട്ടന്റായ രണ്ടാം പ്രതി ഇവരെ സൈക്യാട്രിക് വിഭാഗത്തിൽ പ്രവേശിപ്പിക്കാൻ അനുമതി നൽകുകയും ചെയ്തു.

കൃത്യസമയത്ത് പ്രമേഹം തിരിച്ചറിയാനോ അവർക്ക് ആവശ്യമായ ഇൻസുലിൻ നൽകാനോ ഡോക്ടർമാർ തയ്യാറായില്ല. ഇതിനെ തുടർന്ന് 'ഡയബറ്റിക് കീറ്റോഅസിഡോസിസ്' (Diabetic ketoacidosis) എന്ന ഗുരുതര അവസ്ഥയിലായ വനിത മരണപ്പെടുകയായിരുന്നു. വൈദ്യശാസ്ത്ര നിയമങ്ങളും ഉത്തരവാദിത്തങ്ങളും പാലിക്കുന്നതിൽ പരാജയപ്പെടുകയും മരണത്തിന് കാരണമാവുകയും ചെയ്തതിനാണ് പബ്ലിക് പ്രൊസിക്യൂഷൻ ഇവർക്കെതിരെ കേസ് എടുത്തത്.

ലോവർ ക്രിമിനൽ കോടതി ഇരുവരെയും ഒരു വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നുവെങ്കിലും പിന്നീട് ഹൈ ക്രിമിനൽ അപ്പീൽ കോടതി ശിക്ഷ ആറുമാസമായി കുറച്ചു. ഈ ശിക്ഷാവിധിയാണ് ഇപ്പോൾ പരമോന്നത കോടതിയും ശരിവെച്ചിരിക്കുന്നത്.

article-image

ddfhh

You might also like

  • Lulu Exchange
  • Straight Forward

Most Viewed