കർസക്കാൻ, കർബാബാദ് കൃഷിയിടങ്ങളിൽ അജ്ഞാത ജീവി: ആശങ്ക വേണ്ടെന്ന് വിദഗ്ധർ
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ കർസക്കാൻ, കർബാബാദ്, അധാരി തുടങ്ങിയ പ്രദേശങ്ങളിലെ കൃഷിയിടങ്ങൾക്ക് സമീപം നീളമുള്ളതും വേഗത്തിൽ ഓടുന്നതുമായ ജീവിയെ കണ്ടത് പ്രദേശവാസികളിൽ കൗതുകവും ചർച്ചയും സൃഷ്ടിക്കുന്നു. അറബിയിൽ പരമ്പരാഗതമായി 'ഇബ്ൻ ഇർസ്' അല്ലെങ്കിൽ 'സരൂബ്' എന്ന് വിളിക്കപ്പെടുന്ന വീസൽ വർഗ്ഗത്തിൽപ്പെട്ട ജീവിയാണിതെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.
സമീപദിവസങ്ങളിൽ കർസക്കാനിലെ കൃഷിയിടത്തിൽ നിന്നുള്ള ജീവിയുടെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെട്ടത്. വന്യജീവിയായതിനാൽ പേടിച്ചാൽ അത് ആക്രമിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ അതിനെ പിടികൂടാനോ അടുത്തേക്ക് പോകാനോ ശ്രമിക്കരുതെന്നും ചിലർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
എന്നാൽ, ഊഹാപോഹങ്ങൾക്ക് പകരം ജീവി ഏതാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കുകയാണ് ആദ്യം വേണ്ടതെന്ന് പരിസ്ഥിതി കൺസൾട്ടന്റും വൈൽഡ് ലൈഫ് ബയോളജിസ്റ്റുമായ ഹയാ അൽ ദോസരി പറഞ്ഞു. നീളമുള്ള ചെറിയ ജീവികളെല്ലാം വീസലുകൾ ആകണമെന്നില്ലെന്നും വ്യക്തമായ ചിത്രങ്ങൾ പരിശോധിച്ചാൽ ജീവിയെ തിരിച്ചറിയാൻ സാധിക്കുമെന്നും അവർ വ്യക്തമാക്കി.
ഇത് കീരി (Mongoose) വർഗ്ഗത്തിൽപ്പെട്ട ജീവിയാണെങ്കിൽ ഭയപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. ബഹ്റൈനിൽ കണ്ടുവരുന്ന 17 കരജീവികളിൽ ഒന്നായ 'ഇന്ത്യൻ ഗ്രേ മങ്കൂസ്' (Indian Grey Mongoose) ആകാനാണ് സാധ്യത കൂടുതൽ. ഭക്ഷണവും അഭയകേന്ദ്രവും എളുപ്പത്തിൽ ലഭിക്കുന്നതിനാലാണ് ഇവ കൃഷിയിടങ്ങൾക്ക് സമീപം എത്തുന്നത്. സാധാരണയായി മനുഷ്യരെ കാണുമ്പോൾ ഇവ മാറിപ്പോകാറാണ് പതിവ്.
ജീവിയെ കാണുകയാണെങ്കിൽ സുരക്ഷിത അകലം പാലിക്കണമെന്നും, അതിന് ഭക്ഷണം നൽകാനോ പിടികൂടാനോ ശ്രമിക്കരുതെന്നും ഹയാ അൽ ദോസരി മുന്നറിയിപ്പ് നൽകി. കൃഷിയിടങ്ങളിൽ കോഴികൾ, ചെറിയ വളർത്തുമൃഗങ്ങൾ, തീറ്റ സാധനങ്ങൾ എന്നിവ തുറസ്സായ സ്ഥലങ്ങളിൽ ഇടാതെ സുരക്ഷിതമായി സൂക്ഷിക്കാനും കർഷകരോട് നിർദ്ദേശിച്ചിട്ടുണ്ട്. വസ്തുതകൾ മനസ്സിലാക്കി മാത്രം പ്രതികരിക്കണമെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.
dssdf

