ഇലക്ട്രോണിക് കോടതി രേഖകളിൽ തിരിമറി: വ്യവസായിക്കും വിരമിച്ച ഉദ്യോഗസ്ഥനുമെതിരെ വിചാരണ തുടങ്ങി


പ്രദീപ് പുറവങ്കര

മനാമ: പ്രതികൾക്ക് കോടതി സമൻസുകളും അറിയിപ്പുകളും ലഭിക്കുന്നത് തടയാനായി ഇലക്ട്രോണിക് കോടതി രേഖകളിൽ വ്യാജ വിവരങ്ങൾ നൽകിയ കേസിൽ വ്യവസായിക്കും റിട്ടയർ ചെയ്ത വ്യക്തിക്കുമെതിരെ വിചാരണ ആരംഭിച്ചു. ഒന്നാം ഹൈ ക്രിമിനൽ കോടതിയിലാണ് വിചാരണ നടപടികൾ പുരോഗമിക്കുന്നത്.

12 പ്രതികളുടെ ഫോൺ നമ്പറുകളും വിലാസങ്ങളുമാണ് ഇരുവരും ചേർന്ന് വ്യാജമായി നൽകിയതെന്ന് പ്രൊസിക്യൂഷൻ ആരോപിക്കുന്നു. 2021-നും 2024-നും ഇടയിൽ 53-കാരനായ വ്യവസായി നീതിന്യായ മന്ത്രാലയത്തിന്റെ ഓൺലൈൻ സിസ്റ്റത്തിൽ വ്യാജ വിവരങ്ങൾ രേഖപ്പെടുത്തുകയും, രണ്ടാമത്തെ പ്രതി ഇതിന് ഒത്താശ ചെയ്യുകയുമായിരുന്നു.

വിവിധ സിവിൽ കേസുകളിൽ പ്രതികളുടെ യഥാർത്ഥ വിവരങ്ങൾക്ക് പകരം റിട്ടയർ ചെയ്ത വ്യക്തിയുടെ ഫോൺ നമ്പറും സ്വന്തം അധീനതയിലുള്ള വിലാസവുമാണ് വ്യവസായി നൽകിയിരുന്നത്. ഇതിലൂടെ കോടതി അറിയിപ്പുകൾ തെറ്റായ വ്യക്തിയിലേക്ക് എത്തുകയും, തങ്ങൾക്കെതിരെ കേസുള്ള വിവരം യഥാർത്ഥ പ്രതികൾ അറിയാതെ പോവുകയും ചെയ്തു.

12 വെവ്വേറെ വ്യക്തികളുടെ വിവരങ്ങളിൽ ഒരേ ഫോൺ നമ്പറും വിലാസവുമാണ് നൽകിയിട്ടുള്ളതെന്ന് നീതിന്യായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നൽകിയ മൊഴിയിൽ വ്യക്തമാക്കി. വ്യവസായിയുടെ ഇലക്ട്രോണിക് ഐഡി (Credentials) ഉപയോഗിച്ചാണ് ഈ മാറ്റങ്ങളെല്ലാം വരുത്തിയിട്ടുള്ളതെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

നൽകിയിരിക്കുന്ന വിലാസം വ്യവസായിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടേതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. കൂടാതെ രണ്ടാമത്തെ പ്രതിയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ മറ്റ് പല കേസുകളിലെ പ്രതികൾക്ക് ലഭിക്കേണ്ട കോടതി സമൻസുകളും ഇതിൽ കണ്ടെത്തിയിട്ടുണ്ട്. രേഖപ്പെടുത്തിയിരിക്കുന്ന ഫോൺ നമ്പറും വിലാസവും തങ്ങളുടേതല്ലെന്ന് ഇരയായ പല വ്യക്തികളും മൊഴി നൽകിയിട്ടുണ്ട്. കേസിൽ കോടതി വിചാരണ തുടർന്നു വരികയാണ്.

article-image

xcvxv

You might also like

  • Lulu Exchange
  • Straight Forward

Most Viewed