തിയ്യതി തിരുത്തി കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ വിൽക്കാൻ ശ്രമം: രണ്ട് ഏഷ്യൻ പൗരന്മാർ ബഹ്റൈനിൽ വിചാരണ നേരിടുന്നു
പ്രദീപ് പുറവങ്കര
മനാമ: കാലാവധി കഴിഞ്ഞ ശുചീകരണ ഉൽപ്പന്നങ്ങളുടെ എക്സ്പയറി തിയ്യതി മായ്ച്ചുകളഞ്ഞ് വീണ്ടും വിൽപ്പനയ്‌ക്കെത്തിക്കാൻ ശ്രമിച്ച കേസിൽ രണ്ട് ഏഷ്യൻ പൗരന്മാരെ ക്രിമിനൽ കോടതിയിലേക്ക് അയച്ചു. പബ്ലിക് പ്രൊസിക്യൂഷൻ ഉത്തരവിനെ തുടർന്ന് പ്രതികൾ നിലവിൽ റിമാൻഡിലാണ്.
രാജ്യത്തെ പ്രമുഖ സൂപ്പർമാർക്കറ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ഥാപനത്തിലെ ഒരു ജീവനക്കാരനും സാധനങ്ങൾ വിതരണം ചെയ്യുന്ന കമ്പനിയിലെ ജീവനക്കാരനും ചേർന്ന് ഉൽപ്പന്നങ്ങളുടെ ഡാറ്റാ ലേബലുകൾ മായ്ക്കാൻ ഗൂഢാലോചന നടത്തുകയായിരുന്നു. സൂപ്പർമാർക്കറ്റിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് തട്ടിപ്പ് പുറത്തുവന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ തിയ്യതി മായ്ച്ച നിലയിലുള്ള ഉൽപ്പന്നങ്ങളും, കാലാവധി കഴിഞ്ഞ മറ്റു സാമഗ്രികളും, തിയ്യതി മായ്ക്കാൻ ഉപയോഗിച്ച ഉപകരണവും അന്വേഷണ സംഘം പിടിച്ചെടുത്തു.
ചോദ്യം ചെയ്യലിൽ രണ്ട് പ്രതികളും കുറ്റം സമ്മതിച്ചു. കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ സ്റ്റോക്കിൽ ശേഷിച്ചാൽ ശമ്പളത്തിൽ നിന്ന് തുക ഈടാക്കുന്നത് ഒഴിവാക്കാനാണ് തിയ്യതി മായ്ച്ചതെന്ന് സൂപ്പർമാർക്കറ്റ് ജീവനക്കാരൻ മൊഴി നൽകി. സ്വന്തം കമ്പനിയിൽ നിന്നുള്ള നടപടികൾ ഭയന്നാണ് സഹായം ചെയ്തതെന്ന് വിതരണ കമ്പനി ജീവനക്കാരനും സമ്മതിച്ചു.
ഉൽപ്പന്നങ്ങളിലെ തിയ്യതികൾ വടുക്കളുണ്ടാക്കുന്ന രീതിയിൽ ബോധപൂർവ്വം ഉരച്ചുമാറ്റിയതാണെന്നും പഴയ തിയ്യതികൾ തിരിച്ചെടുക്കാൻ കഴിയാത്തവിധം നശിപ്പിച്ചിട്ടുണ്ടെന്നും ഫോറൻസിക് പരിശോധനയിൽ വ്യക്തമായി.
ഉപഭോക്തൃ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം വാണിജ്യ തട്ടിപ്പുകൾക്കും ക്രമക്കേടുകൾക്കുമെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പബ്ലിക് പ്രൊസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
sdfsdf

