വ്യാജ ആപ്പുകൾക്കെതിരെ ജാഗ്രത വേണം: പെർമിഷനുകൾ കർശനമായി പരിശോധിക്കാൻ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം


പ്രദീപ് പുറവങ്കര

മനാമ: മൊബൈൽ ഫോണുകളിൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോഴും നിലവിലുള്ളവ ഉപയോഗിക്കുമ്പോഴും അവയ്ക്ക് നൽകിയിട്ടുള്ള അനുമതികൾ (Permissions) കർശനമായി പരിശോധിക്കണമെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വ്യാജ വാർത്താ ആപ്പുകളുടെയും മറ്റ് ഔദ്യോഗിക ആപ്പുകളുടെയും വ്യാജ രൂപങ്ങൾ നിർമ്മിച്ച് വിവരങ്ങൾ ചോർത്തുന്ന സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് ഈ നിർദ്ദേശം.

ഒരു ആപ്പ് ആവശ്യപ്പെടുന്ന അനുമതികൾ പരിശോധിച്ചാൽ തന്നെ അത് സംശയാസ്പദമാണോ എന്ന് മനസ്സിലാക്കാം എന്ന് ആഭ്യന്തര മന്ത്രാലയത്തിലെ കേണൽ ഉസാമ ബഹാർ വ്യക്തമാക്കി. ഒരു ടോർച്ച് ആപ്പ് ലൊക്കേഷൻ പെർമിഷൻ ചോദിച്ചാൽ, ആ വിവരത്തിന്റെ ആവശ്യം എന്താണെന്ന് ഉപയോക്താക്കൾ ചിന്തിക്കണമെന്ന് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. ആപ്പിന്റെ പ്രവർത്തനത്തിന് ആവശ്യമില്ലാത്ത അനുമതികൾ ചോദിക്കുന്നത് അതിന് പിന്നിലെ ദുരുദ്ദേശ്യത്തിന്റെ പ്രധാന ലക്ഷണമാണ്.
സൈബർ കുറ്റവാളികൾ വിവരങ്ങൾ ചോർത്താനും ഉപകരണങ്ങൾ ഹാക്ക് ചെയ്യാനുമായി ദിവസേന 4.5 ലക്ഷത്തോളം (450,000) വ്യാജ ആപ്പുകൾ നിർമ്മിക്കുന്നുണ്ടെന്ന് പഠനങ്ങളെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ബഹ്‌റൈനിലെ വാർത്തകളും വിവരങ്ങളും തത്സമയം നൽകുമെന്ന അവകാശവാദത്തോടെയെത്തുന്ന ആപ്പുകളെക്കുറിച്ച് നാഷണൽ സൈബർ സെക്യൂരിറ്റി സെന്ററും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവയിൽ പലതും ഫോണിലേക്ക് കടന്നുകൂടി രഹസ്യവിവരങ്ങൾ ചോർത്താൻ രൂപകൽപ്പന ചെയ്ത ഹാക്കിംഗ് ടൂളുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

സുരക്ഷ ഉറപ്പാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ മാത്രം ഉപയോഗിക്കുക: ആപ്പിളിന്റെ ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ സ്റ്റോർ, ഹുവാവേ ആപ്പ് ഗാലറി തുടങ്ങിയ സുരക്ഷിതമായ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.

സ്ക്രീൻ റീഡിംഗ് പെർമിഷനുകൾ ഒഴിവാക്കുക: ബാങ്കിംഗ് വിവരങ്ങൾ ഉൾപ്പെടെ ഫോൺ സ്ക്രീനിൽ തെളിയുന്ന അതീവ സുപ്രധാന വിവരങ്ങൾ നിരീക്ഷിക്കാൻ ഇത്തരം പെർമിഷനുകൾ വഴി സാധിക്കും.

ബാക്ക്ഗ്രൗണ്ട് പ്രവർത്തനം നിരീക്ഷിക്കുക: പശ്ചാത്തലത്തിൽ (Background) നിരന്തരം പ്രവർത്തിക്കാൻ അനുമതി ചോദിക്കുന്ന ആപ്പുകൾ സുരക്ഷാ ഭീഷണിയാകാൻ സാധ്യതയുണ്ട്.

പെർമിഷൻ പരിശോധന നിത്യേനയാക്കുക: ഫോണിലുള്ള ആപ്പുകളുടെ പെർമിഷനുകൾ ഇടയ്ക്കിടെ പരിശോധിക്കുകയും, ആവശ്യമില്ലാത്തതോ വിശ്വസനീയമല്ലാത്തതോ ആയ ആപ്പുകൾ ഉടൻ നീക്കം ചെയ്യുകയും ചെയ്യുക.

article-image

dsfgdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed