തംകീൻ പാക്കേജിന് മന്ത്രിസഭയുടെ അഭിനന്ദനം; ബഹ്‌റൈനിൽ സുരക്ഷാ നടപടികൾ ശക്തമാക്കുന്നു


പ്രദീപ് പുറവങ്കര

മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗം വിവിധ സുപ്രധാന തീരുമാനങ്ങൾ എടുത്തു. മേഖലയിലെ പുതിയ സാഹചര്യങ്ങളെത്തുടർന്ന് പ്രതിസന്ധി നേരിടുന്ന 7,250 സ്ഥാപനങ്ങൾക്കായി ലേബർ ഫണ്ട് (തംകീൻ) പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ മന്ത്രിസഭ അഭിനന്ദിച്ചു. ബിസിനസ്സുകളുടെ തുടർച്ച ഉറപ്പാക്കാനും സ്വദേശി ജീവനക്കാരുടെ തൊഴിൽ സംരക്ഷിക്കാനും ഈ നീക്കം ഉപകരിക്കുമെന്ന് യോഗം വിലയിരുത്തി.

ആറാമത് നിയമനിർമ്മാണ കാലയളവിലെ നാലാം സമ്മേളനം അവസാനിപ്പിച്ചുകൊണ്ടുള്ള ഹിസ് മജസ്റ്റി ഹമദ് രാജാവിന്റെ ഉത്തരവിന് പിന്നാലെ, നിയമനിർമ്മാണ സഭയുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കുമെന്ന് മന്ത്രിസഭ അറിയിച്ചു. കൂടാതെ, ഉക്രേനിയൻ പ്രസിഡന്റ് വ്ളാദിമിർ സെലെൻസ്‌കിയുടെ ബഹ്‌റൈൻ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ, നയതന്ത്ര സഹകരണത്തിനും അന്താരാഷ്ട്ര സമാധാനത്തിനും രാജ്യം നൽകുന്ന പിന്തുണ മന്ത്രിസഭ വീണ്ടും വ്യക്തമാക്കി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട്, ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി (IRGC) ബന്ധമുണ്ടെന്ന് സംശയിക്കുന്ന സംഘത്തെ കണ്ടെത്തിയ ആഭ്യന്തര മന്ത്രാലയത്തെയും സുരക്ഷാ ഏജൻസികളെയും മന്ത്രിസഭ പ്രശംസിച്ചു. ഇവർക്കെതിരായ നിയമനടപടികൾ തുടരാൻ നിർദ്ദേശം നൽകി.

മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുന്ന രീതിയിൽ യു.എ.ഇ, കുവൈത്ത് എന്നിവിടങ്ങളിൽ ഉണ്ടായ ആക്രമണങ്ങളെയും ഖത്തറുമായി ബന്ധമുള്ള ചരക്ക് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെയും യോഗം ശക്തമായി അപലപിച്ചു. അയൽരാജ്യങ്ങളുമായുള്ള ബഹ്‌റൈന്റെ ഐക്യദാർഢ്യം യോഗം ആവർത്തിച്ചു.

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed