സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം; ബഹ്‌റൈനിൽ രണ്ട് പേർ അറസ്റ്റിൽ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്തെ സുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്ത രണ്ട് പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. 27-ഉം 37-ഉം വയസ്സുള്ള വ്യക്തികളാണ് പിടിയിലായതെന്ന് സൈബർ ക്രൈം വിഭാഗം അറിയിച്ചു.

തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ലൈവ് സ്ട്രീമിംഗും വീഡിയോകളും പ്രചരിപ്പിച്ചതിലൂടെ ഇവർ നിയമലംഘനം നടത്തിയതായി അധികൃതർ കണ്ടെത്തി. പൊതുജനങ്ങളെ പ്രകോപിപ്പിക്കാനും രാജ്യത്തെ ക്രമസമാധാന നിലയ്ക്ക് ഭംഗം വരുത്താനും ലക്ഷ്യമിട്ടുള്ളതാണ് ഈ ദൃശ്യങ്ങളെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അഴിമതി വിരുദ്ധ-സാമ്പത്തിക-ഇലക്ട്രോണിക് സുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു നടപടി.

അറസ്റ്റിലായവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായി വരികയാണെന്നും ഇവരെ ഉടൻ പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ നിയമങ്ങൾ പാലിക്കാനും സമൂഹമാധ്യമങ്ങളിൽ ഉത്തരവാദിത്തത്തോടെ പെരുമാറാനും അധികൃതർ പൊതുജനങ്ങളോട് നിർദ്ദേശിച്ചു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed