ഷിപ്പ്‌മെന്റിൽ നിന്ന് വസ്ത്രങ്ങൾ മോഷ്ടിച്ചു; മൂന്ന് ജീവനക്കാർക്ക് മൂന്ന് വർഷം തടവും പിഴയും
പ്രദീപ് പുറവങ്കര/മനാമ
മനാമ: ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഷിപ്പ്‌മെന്റുകളിൽ നിന്ന് വസ്ത്രങ്ങൾ മോഷ്ടിച്ച കേസിൽ മൂന്ന് ജീവനക്കാർക്ക് ബഹ്‌റൈൻ ഫസ്റ്റ് ഹൈ ക്രിമിനൽ കോടതി മൂന്ന് വർഷം തടവ് വിധിച്ചു. മൂന്ന് പ്രതികളും 500 ബഹ്‌റൈനി ദിനാർ വീതം പിഴയടക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതിനുപുറമെ, കേസുമായി ബന്ധപ്പെട്ട് കണ്ടുകെട്ടിയ തൊണ്ടിമുതലുകൾ തിരികെ നൽകാനും കോടതി നിർദ്ദേശിച്ചു.
പ്രതികൾ ജോലി ചെയ്യുന്ന സ്ഥാപനം നൽകിയ പരാതിയെത്തുടർന്നാണ് കേസിൽ നിയമനടപടികൾ ആരംഭിച്ചത്. സ്ഥാപനത്തിലേക്ക് എത്തുന്ന വസ്ത്രങ്ങളുടെ ഷിപ്പ്‌മെന്റുകൾ പരിശോധിക്കാനും പരിശോധന നടത്താനുമുള്ള ചുമതല ഈ ജീവനക്കാർക്കായിരുന്നു. എന്നാൽ ഈ സമയത്ത് തങ്ങളുടെ കൈവശമെത്തിയ സാധനങ്ങളിൽ നിന്ന് ഇവർ വസ്ത്രങ്ങൾ മോഷ്ടിച്ചതായാണ് പബ്ലിക് പ്രോസിക്യൂഷൻ കണ്ടെത്തിയത്.
പരാതി ലഭിച്ചതിന് പിന്നാലെ പ്രോസിക്യൂഷൻ വിശദമായ അന്വേഷണം നടത്തിയിരുന്നു. ദൃക്‌സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തുകയും സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള വീഡിയോ തെളിവുകൾ സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്തു. കുറ്റം തെളിഞ്ഞതിനെത്തുടർന്ന് റിമാൻഡിലായിരുന്ന പ്രതികളെ വിചാരണയ്ക്കായി ഫസ്റ്റ് ഹൈ ക്രിമിനൽ കോടതിയിലേക്ക് മാറ്റുകയായിരുന്നു. പ്രതികൾ കൃത്യമായ വിശ്വാസലംഘനവും മോഷണവും നടത്തിയതായി കോടതി നിരീക്ഷിച്ചു.
sadsdasdsa


