ബഹ്‌റൈൻ കെഎംസിസി 'മഹർജാൻ 2K25' കലോത്സവത്തിന് ഒരുങ്ങുന്നു: ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ


പ്രദീപ് പുറവങ്കര


മനാമ: ബഹ്‌റൈനിലെ മലയാളി വിദ്യാർത്ഥി സമൂഹത്തിന്റെ കലാ-സാംസ്‌കാരികപരമായ വളർച്ച ലക്ഷ്യമിട്ട് കെഎംസിസി ബഹ്‌റൈൻ സ്റ്റുഡന്റ്സ് വിങ് സംഘടിപ്പിക്കുന്ന 'മഹർജാൻ 2K25' കലോത്സവത്തിന്റെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണെന്ന് ഭാരവാഹികൾ അറിയിച്ചു. "ഒന്നായ ഹൃദയങ്ങൾ, ഒരായിരം സൃഷ്ടികൾ" എന്ന പ്രമേയത്തിൽ നടക്കുന്ന ഈ കലോത്സവം പ്രവാസി വിദ്യാർത്ഥികളിലെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കാനും അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനുമാണ് സംഘടിപ്പിക്കുന്നത്.

കലോത്സവം രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. നവംബർ 20, 21 തീയതികളിൽ മുഹറഖ് കെഎംസിസി ഓഫീസും, തുടർന്ന് നവംബർ 27, 28 തീയതികളിൽ മനാമ കെഎംസിസി ഹാളും കലോത്സവത്തിന് വേദിയാകും. കിഡ്‌സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ നാല് വിഭാഗങ്ങളിലായി നൂറോളം ഇനങ്ങളിലാണ് വിദ്യാർത്ഥികൾ മത്സരിക്കുന്നത്. വ്യക്തിഗത ഇനങ്ങളിൽ മത്സരിക്കുന്നവർക്കുള്ള രജിസ്‌ട്രേഷൻ നവംബർ 7 നും ഗ്രൂപ്പ് ഇനങ്ങളിലെ രജിസ്‌ട്രേഷൻ നവംബർ 10 നും അവസാനിക്കുമെന്ന് സംഘാടകർ അറിയിച്ചു. കലോത്സവത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് 33495624, 33674020 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

കലോത്സവത്തിന്റെ വിജയത്തിനായി സംസ്ഥാന, ജില്ലാ, ഏരിയ തലങ്ങളിലായി ചർച്ചകളും സംഘാടക സമിതി രൂപീകരണവും പൂർത്തിയാക്കിയതായും, കെഎംസിസി ബഹ്‌റൈൻ സംസ്ഥാന പ്രസിഡണ്ട് ഹബീബ് റഹ്മാൻ മുഖ്യ രക്ഷാധികാരിയായ സംഘാടക സമിതിയിൽ പ്രോഗ്രാം, ഫിനാൻസ്, മീഡിയ, രജിസ്‌ട്രേഷൻ, ഫുഡ്, സോവനീർ, ടെക്‌നിക്കൽ, സ്റ്റേജ്, ട്രാൻസ്‌പോർട്ടേഷൻ തുടങ്ങിയ വിവിധ ഉപസമിതികളും രൂപീകരിച്ച് പ്രവർത്തനം സജീവമാക്കിയിതായും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മത്സരങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങളും വിധിനിർണ്ണയ മാനദണ്ഡങ്ങളും ഉൾക്കൊള്ളുന്ന മാനുവൽ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും, കലാസ്വാദകരെ പങ്കാളികളാക്കാനായി കലോത്സവാനുഭവങ്ങൾ പങ്കുവെക്കുന്ന "മൈ മഹർജാൻ" വീഡിയോ ക്യാമ്പയിൻ ഉടൻ ആരംഭിക്കുമെന്നും ഇവർ വ്യക്തമാക്കി. ഏരിയ തലത്തിൽ ഇതിനികം തന്നെ “എവൈകനിങ് കോൾ” എന്ന പേരിൽ മീറ്റിംഗുകളും സംഘടിപ്പിച്ചിട്ടുണ്ട്.

വാർത്താസമ്മേളനത്തിൽ കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളിക്കുളങ്ങര, സ്റ്റുഡന്റ്സ് വിങ് ചെയർമാൻ ഷഹീർ കാട്ടാമ്പള്ളി, കൺവീനർ ശറഫുദ്ധീൻ മാരായമംഗലം, കെഎംസിസി വൈസ് പ്രസിഡന്റ് ഏ പി ഫൈസൽ, സ്വാഗതസംഘം വർക്കിങ് ചെയർമാൻ മുനീർ ഒഞ്ചിയം, വർക്കിങ് കൺവീനർ ശിഹാബ് പൊന്നാനി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി കെ ഇസ്ഹാഖ്, മീഡിയ കമ്മിറ്റി കൺവീനർ ടി ടി അഷ്റഫ് എന്നിവർ പങ്കെടുത്തു.

article-image

asdasd

You might also like

  • Straight Forward

Most Viewed