മനാമ ഡയലോഗിന്റെ 21ആമത് പതിപ്പിന് ബഹ്‌റൈനിൽ തുടക്കമായി
പ്രദീപ് പുറവങ്കര
മനാമ: മേഖലയിലെ സുരക്ഷാകാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി എല്ലാ വർഷവും നടന്നുവരുന്ന മനാമ ഡയലോഗിന്റെ 21-ാമത് പതിപ്പിന് ബഹ്‌റൈനിലെ റിറ്റ്സ് കാൾട്ടൺ ഹോട്ടലിൽ തുടക്കമായി. ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസിൻ്റെ (IISS) നേതൃത്വത്തിലാണ് ഈ സുപ്രധാന ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഇന്നലെ വൈകീട്ട് നടന്ന സമ്മേളനത്തിൽ ബഹ്‌റൈൻ റോയൽ ഗാർഡ് കമാൻഡറും, ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഹിസ് റോയൽ ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ ഉച്ചകോടി ഉദ്ഘാടനം ചെയ്തു.
നാളിതുവരെ ബഹ്‌റൈൻ പുലർത്തിവരുന്ന സഹിഷ്ണുതയും സഹവർത്തിത്വവും തുടരുമെന്നും, മേഖല പൊതുവായി നേരിടുന്ന വെല്ലുവിളികൾക്കൊപ്പം പുതിയ അവസരങ്ങളെ തിരിച്ചറിയാനും ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നാളെ അവസാനിക്കുന്ന ഈ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി 60-ഓളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ മന്ത്രിമാർ, വിദേശകാര്യ മന്ത്രിമാർ, സുരക്ഷാ സമിതി ഉപദേശകന്മാർ, സൈനിക കമാൻഡർമാർ, രഹസ്യാന്വേഷണ ഏജൻസി തലവന്മാർ തുടങ്ങിയ പ്രമുഖർ ബഹ്‌റൈനിലെത്തിയിട്ടുണ്ട്. സുരക്ഷ, ഊർജ്ജം, മേഖലയിലെ മാറ്റങ്ങൾ എന്നീ വിഷയങ്ങളാണ് ഇത്തവണ ഉച്ചകോടി പ്രധാനമായും ചർച്ച ചെയ്യുന്നത്. അതോടൊപ്പം, മേഖലയിലെ വിദേശകാര്യ നയവും സുരക്ഷാ നയവും, അവക്ക് മുന്നിലുള്ള വെല്ലുവിളികളും ചർച്ചാ വിഷയമാകും.
sdfsdf
