മാനവികത പ്രകൃതി സംരക്ഷണത്തിൽ ഊന്നിയതാകണം: എം.എൻ. കാരശ്ശേരി
പ്രദീപ് പുറവങ്കര
മനാമ: മാനവികത പ്രകൃതി സംരക്ഷണത്തിൽ ഊന്നിയുള്ളതായിരിക്കണമെന്ന് പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ എം.എൻ. കാരശ്ശേരി മാഷ് അഭിപ്രായപ്പെട്ടു. മനുഷ്യർക്ക് മാത്രമല്ല, സകല ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് ഈ ഭൂമിയെന്നും അതുകൊണ്ട് പ്രകൃതി സംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മാനവികതയാണ് നാം ആർജ്ജിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ബഹ്‌റൈൻ മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധി ജയന്തി ദിനാഘോഷ പരിപാടിയിൽ 'മാനവികത വർത്തമാനകാലത്തിൽ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ മാനവികതയുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ സോദാഹരണ സഹിതം കാരശ്ശേരി വിശദീകരിച്ചു.
ഗാന്ധിജിയെ അടുത്തറിഞ്ഞ വൈക്കം മുഹമ്മദ് ബഷീർ അടക്കമുള്ളവർ പ്രകൃതിയോടും ജീവജാലങ്ങളോടും കാണിച്ച സ്നേഹവും അദ്ദേഹം ഓർത്തെടുത്തു. ബഷീർ ചായ കുടിച്ച ഗ്ലാസ് കമഴ്ത്തി വെക്കാറുണ്ടായിരുന്നുവെന്നും, അതിൽ പ്രാണികൾ വീണു ചത്തുപോകാതിരിക്കാനായിരുന്നു അതെന്നും കാരശ്ശേരി പറഞ്ഞു. നമ്മളായിട്ട് ഒരു ജീവിക്കും ഉപദ്രവം ഉണ്ടാക്കരുത് എന്ന ഗാന്ധിജിയുടെ മനോഭാവമാണ് ബഷീറും പുലർത്തിയിരുന്നത്.
പ്രവർത്തിച്ചു കാണിക്കുന്നതിനേക്കാൾ വലിയ ഉപദേശം മറ്റൊന്നില്ലെന്ന് ഗാന്ധിജി പല സന്ദർഭങ്ങളിലായി തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു സ്കൂളിലെ പരിപാടിയിൽ പങ്കെടുത്തപ്പോൾ വഴിയരികിലെ വൃത്തികേട് ഒഴിവാക്കാൻ കുട്ടികളെ ഉപദേശിക്കണമെന്ന് അധ്യാപകർ ആവശ്യപ്പെട്ടു. എന്നാൽ, ഗാന്ധിജി ചൂലെടുത്ത് ആ മാലിന്യം വൃത്തിയാക്കുകയാണ് ചെയ്തത്. ഇത് പലതവണ ആവർത്തിച്ചപ്പോൾ കുട്ടികൾ സ്വയമൊരുങ്ങി ഗാന്ധിജിക്കൊപ്പം വൃത്തിയാക്കാൻ ചേരുകയും വൃത്തികേടാക്കുന്ന സ്വഭാവം മാറ്റുകയും ചെയ്തു. ഇത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങൾ മാഷ് തന്റെ തനതായ ശൈലിയിൽ സദസ്സുമായി പങ്കുവെച്ചു. മലയാളി കഞ്ഞിയെ ഇഷ്ടപ്പെടുകയും കുടിക്കുകയും ചെയ്യുമ്പോൾ, കഞ്ഞി അതിഥികൾക്ക് കൊടുക്കാതിരിക്കുകയും ഒന്നും കൊള്ളരുതാത്തവനെ 'കഞ്ഞി' എന്ന് വിശേഷിപ്പിച്ച് സ്വയം ചെറുതാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
മഹാത്മാഗാന്ധി ഫോറം ബഹ്‌റൈൻ പ്രസിഡണ്ട് ബാബു കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം കൺവീനർ എബി തോമസ് സ്വാഗതം ആശംസിച്ചു. ഈയിടെ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോനെ എം.എൻ. കാരശ്ശേരി ഉപഹാരം നൽകി ആദരിച്ചു. ഗോപിനാഥ് മേനോൻ മറുപടി പ്രസംഗം നടത്തി. ട്രഷറർ ബബിന സുനിൽ, ഇ.വി. രാജീവൻ, ബിജു ജോർജ്ജ്, ഫ്രാൻസിസ് കൈതാരത്ത് തുടങ്ങിയവരും ആശംസകൾ അർപ്പിച്ചു. വൈസ് പ്രസിഡണ്ട് അബ്ദുൽ സലാം നന്ദി പറഞ്ഞു. മുജീബ് റഹ്‌മാൻ, വിനോദ് മാവിലക്കണ്ടി, ജേക്കബ് തെക്കുംതോട്, വിനോദ് ഡാനിയേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
aa
