സി.എം.എസ്. കോളജ് അലുംനി അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്റർ 'വിദ്യാസൗഹൃദം' സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: കോട്ടയം സി.എം.എസ്. കോളജ് അലുംനി അസോസിയേഷൻ ‘വിദ്യാസൗഹൃദം’ ബഹ്‌റൈൻ ചാപ്റ്റർ സെഗായയിലെ ബഹ്‌റൈൻ മലയാളി സി.എസ്.ഐ. ദേവാലയ പ്രാർഥനാ ഹാളിൽ ഫെല്ലോഷിപ്പ് ഗെറ്റ്-ടുഗെതർ സംഘടിപ്പിച്ചു. യോഗത്തിൽ ബഹ്‌റൈൻ മലയാളി സി.എസ്.ഐ. പാരിഷ് വികാരി റവ. മാത്യൂസ് ഡേവിഡ് അധ്യക്ഷത വഹിച്ചു. സി.എം.എസ്. കോളജ് ഇംഗ്ലീഷ് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറും അലുംനി അഫയേഴ്സ് കോഓർഡിനേറ്ററുമായ പ്രൊഫ. ജേക്കബ് ഈപ്പൻ കുന്നത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. വിവിധ ബാച്ചുകളിലായി പഠിച്ചിറങ്ങിയ ഏകദേശം 30 അലുംനി അംഗങ്ങൾ ഒരുമിച്ച് കൂടി പഴയ കോളജ് ദിനങ്ങളുടെ ഓർമ്മ പുതുക്കി സൗഹൃദങ്ങൾ പങ്കുവെച്ചു. ബഹ്‌റൈൻ ചാപ്റ്ററിന്റെ പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്താനുള്ള മാർഗങ്ങളെക്കുറിച്ചും യോഗത്തിൽ ആലോചനകൾ നടന്നു.
പുതിയ കമ്മിറ്റി രൂപീകരണത്തോടെയാണ് യോഗം സമാപിച്ചത്. സുധിൻ ഏബ്രഹാം പ്രസിഡന്റായും, ബിനോയ് കെ.ജെ. വൈസ് പ്രസിഡന്റായും, മോഹൻ ജോർജ് സെക്രട്ടറിയായും, ബീന സുനിൽ ജോയിന്റ് സെക്രട്ടറിയായും, സഞ്ജു ജേക്കബ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. അനുഷ് ചാണ്ടി, ജേക്കബ് കെ. ജേക്കബ്, ബിബിൻ സാമുവൽ, സാജൻ കുരുവില്ല, മധു ഫിലിപ്പ്, സിന്ദു ആനി, ശ്രീജ ബോബി എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. കോളജ് പ്രിൻസിപ്പൽ ചെയർപേഴ്സണും, സി.എസ്.ഐ. ചർച്ച് വികാരി ഉപദേഷ്ടാവും, അലൂംനി കാര്യങ്ങൾ ഏകോപിപ്പിക്കുന്ന കോഓർഡിനേറ്റർ പ്രത്യേക ക്ഷണിതാവുമായി വരുന്ന എക്‌സ്-ഓഫീഷിയോ ഘടനയും യോഗം അംഗീകരിച്ചു.
aa
