‘സെലിബ്രേറ്റ് ബഹ്‌റൈൻ 2025’ന് നവംബർ 28ന് തുടക്കമാകും


‘സെലിബ്രേറ്റ് ബഹ്‌റൈൻ 2025’ന് നവംബർ 28ന് തുടക്കമാകും

പ്രദീപ് പുറവങ്കര

മനാമ: രാജ്യത്തിൻ്റെ സാംസ്കാരിക പൈതൃകവും ലോകോത്തര വിനോദാനുഭവങ്ങളും കോർത്തിണക്കിക്കൊണ്ട്, ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി ‘സെലിബ്രേറ്റ് ബഹ്‌റൈൻ 2025’ എന്ന പേരിലുള്ള വർഷാവസാന ആഘോഷ പരിപാടികളുടെ സമഗ്ര കലണ്ടർ പുറത്തിറക്കി. 'ഓരോ നിമിഷവും ജീവിക്കുക' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഈ ആഘോഷങ്ങളിൽ സാംസ്കാരിക രാവുകൾ, സംഗീത പരിപാടികൾ, വിപുലമായ ഷോപ്പിങ് ഫെസ്റ്റിവൽ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ 28-ന് ബഹ്‌റൈൻ ഷോപ്പിങ് ഫെസ്റ്റിവലോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാവുക. പ്രമുഖ മാളുകളുമായും ഷോപ്പിങ് സെന്ററുകളുമായും സഹകരിച്ച് നടക്കുന്ന ഈ മേളയിൽ, പ്രാദേശിക റീട്ടെയിൽ സ്ഥാപനങ്ങളെയും തദ്ദേശീയ ബിസിനസ്സുകളെയും പിന്തുണയ്ക്കുന്നതിനായി വൻ ഡിസ്കൗണ്ടുകളും എക്സ്ക്ലൂസീവ് പ്രൊമോഷനുകളും സമ്മാന നറുക്കെടുപ്പുകളും ഈ വർഷത്തെ പ്രത്യേകതയായിരിക്കും. ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി ഈ ഫെസ്റ്റിവലിനെ രാജ്യത്തിന്റെ ടൂറിസം സ്ട്രാറ്റജി 2022-2026-ലെ ഒരു പ്രധാന നാഴികക്കല്ലായാണ് വിശേഷിപ്പിച്ചത്. സാംസ്കാരികം, വിനോദം, ഷോപ്പിങ് എന്നിവയെല്ലാം ഒരൊറ്റ അനുഭവത്തിൽ സംയോജിപ്പിച്ച് സാമ്പത്തിക വളർച്ചക്കും വൈവിധ്യവത്കരണത്തിനും ഈ മേഖലയുടെ സംഭാവന വർധിപ്പിക്കാൻ സീസൺ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇവന്റിൽ കൂടുതൽ വൈവിധ്യങ്ങൾ ഉണ്ടാകുമെന്നും എല്ലാ ഗവർണറേറ്റുകളും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇതിൽ ഉൾപ്പെടുമെന്നും ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് സാറാ ബുഹൈജി അറിയിച്ചു.

ഡിസംബർ ഒന്നു മുതൽ 30 വരെ രാജ്യത്തിൻ്റെ പൈതൃകനഗരമായ മുഹറഖിലെ പേളിങ് പാത്തിൽ കൊടികയറുന്ന ‘മുഹറഖ് നൈറ്റ്‌സ്’ ഈ വർഷത്തെ പ്രധാന ആകർഷണമാണ്. കുട്ടികൾക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത നിരവധി ഇടങ്ങളും, പാചകപ്രേമികൾക്കായി വിവിധതരം ഭക്ഷണ സ്റ്റാളുകളും ഇവിടെ സജ്ജമാക്കും. കഴിഞ്ഞ വർഷം 5,00,000-ത്തിലധികം സന്ദർശകരാണ് മുഹറഖ് നൈറ്റ്‌സിൽ പങ്കെടുത്തത്. കൂടാതെ, ഡിസംബർ 25 മുതൽ ജനുവരി 15 വരെ മനാമ സൂഖിലെ വിവിധ സ്ഥലങ്ങളിലായി അരങ്ങേറുന്ന ‘ഹവാ അൽ മനാമ’ തലസ്ഥാന നഗരിയുടെ സമ്പന്നമായ ചരിത്രപരവും സാമ്പത്തികപരവുമായ പൈതൃകം ആഘോഷിക്കും. ഈ പ്രദേശം ബഹ്‌റൈന്റെ തനിമയും വൈവിധ്യവും ഉയർത്തിക്കാട്ടുന്ന പ്രകടനങ്ങളോടെ സജീവമാകും. മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രാലയം ബഹ്‌റൈൻ ഇൻ്റർനാഷനൽ എൻഡുറൻസ് വില്ലേജിൽ സംഘടിപ്പിക്കുന്ന എട്ടാമത് വാർഷിക ബഹ്‌റൈൻ മൃഗ-കാർഷിക ഉൽ‌പാദന പ്രദർശനമായ മറാഈ ഫെസ്റ്റിവൽ ഡിസംബർ ഒമ്പത് മുതൽ 13 വരെ നടക്കും. ഇതിന് പുറമെ ഫാർമേഴ്‌സ് മാർക്കറ്റ്, ഇൻഫർമേഷൻ മന്ത്രാലയത്തിൻ്റെ ഹെറിറ്റേജ് വില്ലേജ് ഫെസ്റ്റിവൽ എന്നിവയും ഉണ്ടാകും.

ഡിസംബറിൽ അൽ ദാനാ ആംഫി തിയറ്ററിൽ ലോകോത്തര സംഗീത കലാകാരൻമാരും അണിനിരക്കും. ഡിസംബർ മൂന്നിന് പ്രശസ്ത ഹെവി മെറ്റൽ ബാൻഡ് ആയ മെറ്റാലിക്ക വേദിയിലെത്തും. അഞ്ചിന് മെലഡി സംഗീതം ഇഷ്ടപ്പെടുന്നവർക്കായി റിഫയിലെ റോയൽ ഗോൾഫ് ക്ലബിൽ ഒൻപതാമത് ബി.എൻ.പി പാരിബാസ് ബഹ്‌റൈൻ ജാസ് ഫെസ്റ്റ് നടക്കും. ഇതിന് ഗ്രാമി അവാർഡ് ജേതാക്കളായ ഫ്രാങ്ക് ഗാംബാലെ ഓൾ സ്റ്റാർസ് ആണ് നേതൃത്വം നൽകുന്നത്. ബഹ്റൈൻ ജാസ് ഫെസ്റ്റ് വീണ്ടും ഡിസംബർ ഒമ്പതിന് റോയൽ ഗോൾഫ് ക്ലബിലും അരങ്ങേറും. കൂടാതെ, ഡിസംബർ 11-ന്, പത്ത് വർഷം മുമ്പ് ഫോർമുല വൺ ഗ്രാൻഡ് പ്രിക്സ് ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് പരിപാടി അവതരിപ്പിച്ച പോപ്പ് താരം പിറ്റ്ബുൾ വീണ്ടും പരിപാടി അവതരിപ്പിക്കാനായി എത്തും.

ദേശീയ ദിന-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 16-ന് ബഹ്‌റൈൻ ഫോർട്ട്, വാട്ടർ ഗാർഡൻ സിറ്റി, ദി അവന്യൂസ്, ബഹ്‌റൈൻ ബേ ബീച്ച്, ബഹ്‌റൈൻ നാഷനൽ മ്യൂസിയം, അൽ സയാഹ്, മറാസി ബഹ്‌റൈൻ എന്നിവിടങ്ങളിൽ ഫയർവർക്ക്സ്, ഡ്രോൺ ഷോ എന്നിവ നടക്കും. ഡിസംബർ 31-ന് ബഹ്‌റൈൻ ബേയിൽ നടക്കുന്ന ഫയർവർക്ക്സ്, ഡ്രോൺ ഷോ എന്നിവയോടെയാണ് രാജ്യം പുതുവത്സരത്തെ വരവേൽക്കുക. കൂടുതൽ വിവരങ്ങൾക്കായി സോഷ്യൽ മീഡിയയിൽ @calendar.bh സന്ദർശിക്കുകയോ www.bahrain.com വെബ്സൈറ്റോ BTEA മൊബൈൽ ആപ്പോ ഉപയോഗിക്കുകയോ ചെയ്യാം.

article-image

aa

You might also like

  • Straight Forward

Most Viewed