ഭക്ഷ്യ-കാർഷിക മേഖലകളിൽ സഹകരണം ഊട്ടിയുറപ്പിച്ച് ഇന്ത്യയും ബഹ്റൈനും

പ്രദീപ് പുറവങ്കര
മനാമ: ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബഹ്‌റൈനിലെ ഇന്ത്യൻ എംബസി ഭക്ഷ്യ, കാർഷിക മേഖലകളിൽ ബൈയർ-സെല്ലർ മീറ്റ് സംഘടിപ്പിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻസ് (എഫ്ഐഇഒ), ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ബിസിസിഐ), ബഹ്‌റൈൻ ഇന്ത്യ സൊസൈറ്റി (ബിഐഎസ്) എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ ബഹ്‌റൈൻ വ്യവസായ-വാണിജ്യ മന്ത്രി ഹിസ് എക്‌സലൻസി അബ്ദുള്ള ബിൻ ആദിൽ ഫഖ്‌റോ, ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ ഹിസ് എക്‌സലൻസി വിനോദ് കെ. ജേക്കബ് എന്നിവർ പങ്കെടുത്തു. ബിസിസിഐയുടെ സെക്കൻഡ് വൈസ് ചെയർമാൻ ഹിസ് എക്‌സലൻസി മുഹമ്മദ് അൽ കൂഹെജി, ബഹ്‌റൈൻ ഇന്ത്യ സൊസൈറ്റി (ബിഐഎസ്) ചെയർമാൻ അബ്ദുൾ റഹ്മാൻ ജുമാ എന്നിവരും സന്നിഹിതരായിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല വ്യാപാര, ജനകീയ ബന്ധങ്ങളിൽ ഭക്ഷ്യ-കാർഷിക മേഖലകൾക്കുള്ള നിർണായക പങ്കിനെക്കുറിച്ച് സ്ഥാനപതി വിനോദ് കെ ജേക്കബ് തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ഈ മേഖലകൾക്ക് ഉത്തേജനം നൽകുന്നത് സാമ്പത്തിക സഹകരണവും, വ്യാപാര ബന്ധങ്ങളും, പരസ്പര അഭിവൃദ്ധിയും വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2025 സെപ്റ്റംബർ 22-ന് പ്രാബല്യത്തിൽ വന്ന ഇന്ത്യയുടെ പുതിയ ജിഎസ്ടി 2.0 പരിഷ്കാരങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. നികുതി ഘടന 5%, 18% എന്നിങ്ങനെ രണ്ട് പ്രധാന സ്ലാബുകളായി ലളിതമാക്കിയതായും, ഈ പരിഷ്കാരങ്ങൾ അവശ്യ, പാക്കേജഡ് ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ നികുതി ഗണ്യമായി കുറയ്ക്കുകയോ പൂർണ്ണമായി ഒഴിവാക്കുകയോ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഏകദേശം 25 പ്രമുഖ ഇന്ത്യൻ കമ്പനികളാണ് ഈ പരിപാടിയിൽ പങ്കെടുത്തത്. സുഗന്ധവ്യഞ്ജനങ്ങൾ, ചെറുധാന്യങ്ങൾ, റെഡി-ടു-കുക്ക്, ഫ്രോസൺ ഭക്ഷണങ്ങൾ, ജൈവ ഉൽപ്പന്നങ്ങൾ, അരി, ശർക്കര, പാനീയങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ തുടങ്ങി വിവിധതരം ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു. എഫ്ഐഇഒയുടെ ജോയിന്റ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ പ്രശാന്ത് സേത്തിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം, കൂടുതൽ വ്യാപാര സാധ്യതകൾ കണ്ടെത്താനും വിപണിയിൽ കൂടുതൽ വേരുറപ്പിക്കാനും ബഹ്‌റൈനിലെ പ്രധാന ഹൈപ്പർമാർക്കറ്റുകളും സംഘം സന്ദർശിക്കും.
aa