അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന രോഗിയെ തുടർചികിത്സക്കായി നാട്ടിലേക്കയച്ച് ബഹ്റൈൻ കെ.എം.സി.സി പ്രവർത്തകർ

പ്രദീപ് പുറവങ്കര
മനാമ l അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന രോഗിയെ തുടർചികിത്സക്കായി നാട്ടിലേക്കയച്ച് ബഹ്റൈൻ കെ.എം.സി.സി പ്രവർത്തകർ. ജോലിക്കിടയിൽ തലകറക്കം വന്ന് സൽമാനിയ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച കൊയിലാണ്ടി നന്തി മൂടാടി സ്വദേശി അലി അക്ബറിനെയാണ് തുടർചികിത്സക്കായി നാട്ടിലേക്കയച്ചത്.
ഹോസ്പിറ്റലിൽ ചികിത്സക്കിടെ സ്ട്രോക് വരികയും മൂന്ന് മാസത്തോളം അബോധവസ്ഥയിൽ തുടരുകയും ചെയ്യുകയായിരുന്നു. കെ.എം.സി.സിയുടെ ഹെൽത്ത് വിങ് അംഗം സിദ്ദീഖ്, കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഫി പറക്കട്ട എന്നിവരുടെ ശ്രമഫലമായാണ് ഇന്ത്യൻ എംബസിയിൽ നിന്ന് സ്ട്രച്ചറിൽ ഇദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള സാമ്പത്തിക സഹായം അനുവദിച്ചത്.
കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് നോർക്കയുടെ ആംബുലൻസിൽ ഇദ്ദേഹത്തെ തുടർചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇവിടെ സി.എച്ച് സെന്ററിന്റെ സഹകരണത്തോടെ തുടർ ചികിത്സക്കുള്ള കാര്യങ്ങളെല്ലാം കെ.എം.സി.സി സജ്ജമാക്കിയിട്ടുണ്ട്.
രണ്ടുവർഷമായി ബഹ്‌റൈനിലുള്ള അലി അക്ബർ റസ്റ്റാറന്‍റിൽ ജോലി ചെയ്തുവരുകയായിരുന്നു. സമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബത്തിന്റെ അത്താണിയായിരുന്ന ഇദ്ദേഹം ആശുപത്രിയിൽ ആയതിനുശേഷം നന്തി കൂട്ടായ്മയുടെ സഹായത്തോടെ ഭാര്യയെ ഇവിടെ എത്തിക്കുകയും അദ്ദേഹത്തെ പരിചരിക്കുകയും ചെയ്തുവരികയായിരുന്നു. അക്ബറിന്റെ കൂടെ ഭാര്യയും സ്വദേശത്തേക്ക് മടങ്ങിയിട്ടുണ്ട്.
dgdg