ബഹ്റൈനിൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ 7,000 വീടുകൾ തയ്യാറാക്കാൻ പദ്ധതി

പ്രദീപ് പുറവങ്കര
മനാമ l സർക്കാറിന്റെ ഭൂമി അവകാശ വികസന പദ്ധതിയുടെ ആദ്യഘട്ടമെന്നോണം, അടുത്ത രണ്ട് വർഷത്തിനുള്ളിൽ 7,000 വീടുകൾ പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പുമായി ബഹ്‌റൈൻ പാർപ്പിട, നഗരാസൂത്രണ കാര്യ മന്ത്രാലയം. സ്വദേശി പൗരന്മാർക്ക് പ്രയോജനം ലഭിക്കുന്നതിനായി അതിവേഗം പൂർത്തിയാക്കുന്ന 11 ഭവന പദ്ധതികളുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നതെന്ന് മന്ത്രി ആമിന ബിൻത് അഹ്മദ് അൽ റുമൈഹി അറിയിച്ചു.
സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് ഈ പദ്ധതികൾ നടപ്പാക്കുന്നത്. ഈ വർഷം അവസാനത്തോടെ നൂറിലധികം ഭവന യൂണിറ്റുകൾ കൈമാറാൻ കഴിയുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഭവന ധനസഹായ പദ്ധതി ഓപ്ഷനുകൾ സർക്കാർ പ്രഖ്യാപിച്ചതാണ് പദ്ധതിക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചത്. ഡെൽമോൺ ഗേറ്റുമായി സഹകരിച്ച് 131 ഭവന യൂനിറ്റുകൾ നിർമ്മിക്കുന്ന സൽമാൻ സിറ്റിയിൽ 79 ശതമാനം നിർമ്മാണവും പൂർത്തിയായിട്ടുണ്ട്. 23,000 ചതുരശ്ര മീറ്ററാണ് ഈ പദ്ധതിയുടെ ആകെ വിസ്തീർണം.
അൽ സരായ കമ്പനിയുമായി സഹകരിച്ച് ബുഹൈറിൽ നടപ്പാക്കുന്ന പദ്ധതിയുടെ 59 ശതമാനം പൂർത്തിയായിട്ടുണ്ട്. ഏകദേശം 20,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 76 ഭവന യൂനിറ്റുകളാണ് ഇവിടെയുള്ളത്. അൽ നമൽ ഗ്രൂപ് നടപ്പാക്കുന്ന ഹൂറത്ത് സനാദ് പദ്ധതിയുടെ 15 ശതമാനം ജോലികൾ പൂർത്തിയായി. ഏകദേശം 10,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 47 വീടുകൾ ഇവിടെയും നൽകാൻ സാധിക്കുമെന്ന് മന്ത്രി അറിയിച്ചു.
േിേ്ി