കപ്പൽ അപകടം: എല്ലാവരും സുരക്ഷിതർ; ക്യാപ്റ്റനടക്കം മൂന്നു പേർ കപ്പലിൽ തുടരുന്നു

ഷീബ വിജയൻ
അറബിക്കടലിൽ അപകടത്തിൽപ്പെട്ട ചരക്ക് കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതരെന്ന് കോസ്റ്റ് ഗാര്‍ഡ്. 24 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നതെന്നും ഇവരെല്ലാം സുരക്ഷിതരാണെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. 21 ജീവനക്കാരെ രക്ഷപ്പെടുത്തിയെന്നും ക്യാപ്റ്റനടക്കം മൂന്നു പേര്‍ കപ്പലിൽ തുടരുകയാണെന്നും കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. കപ്പലിന്‍റെ സ്ഥിരത നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ എയർക്രാഫ്റ്റുകളും കപ്പലുകളും സ്ഥിതി നിരീക്ഷിക്കുന്നുണ്ട്. ക്യാപ്റ്റൻ, ചീഫ് എൻജിനീയർ, സെക്കൻഡ് എൻജിനീയർ എന്നിവരാണ് കപ്പലിൽ തുടരുന്നത്. ചില കണ്ടെയ്നറുകള്‍ കടലിൽ വീണ സാഹചര്യമാണുള്ളതെന്നും അധികൃതര്‍ അറിയിച്ചു. ചരക്കു കപ്പലിന്‍റെ ഒരുവശം ചെരിഞ്ഞതിനെത്തുടർന്നാണ് ഒമ്പത് കണ്ടെയ്നനറുകൾ കടലിൽ വീണത്. അപകടത്തെത്തുടർന്ന് കടലിൽ മറൈൻ ഗ്യാസ് ഓയിൽ പടരാൻ സാധ്യതയുണ്ടെന്നും കണ്ടെയ്നറുകൾ തീരത്തേക്ക് ഒഴുകിയെത്തിയാൽ അടുത്തേക്ക് പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളിലെ തീരദേശങ്ങളിലുള്ളവര്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ ജാഗ്രത നിര്‍ദേശം പുറത്തിറക്കി. കണ്ടെയ്‌നറുകകൾ തീരത്തടിഞ്ഞാൽ സ്‌പർശിക്കരുതെന്നും വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അറിയിക്കണമെന്നുമാണ് മുന്നറിയിപ്പ്. വിഴിഞ്ഞത്തുനിന്ന് നാനൂറോളം കണ്ടെയ്നറുകളുമായി പുറപ്പെട്ട എംഎസ്‍സി എൽസ 3 എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. സ്വിറ്റ്സർലൻണ്ടിൽ രജിസ്റ്റർ ചെയ്ത ലൈബീരിയൻ പതാകവഹിക്കുന്ന ഫീഡർ വിഭാഗത്തിലുളള കപ്പലാണിത്. 184 മീറ്റർ നീളമുണ്ട് കപ്പലിന്.
അതേസമയം ദ്രുതഗതിയിൽ ജാഗ്രതയോടെയുള്ള ഇടപെടലാണ് കപ്പൽ അപകടത്തെ തുടർന്ന് കോസ്റ്റ് ഗാർഡും നാവിക സേനയും നടത്തിയത്. രക്ഷാപ്രവർത്തനത്തിനെത്തണമെന്ന് അഭ്യർഥിച്ചുള്ള സന്ദേശം എത്തിയ ഉടൻ സംഭവ സ്ഥലത്തേക്ക് ഇരു സേനാ വിഭാഗവും കുതിച്ചെത്തി. കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ (70.376 കിലോമീറ്റർ)യാണ് അപകടം നടന്നത്. ഉടൻ പറന്നെത്തിയ കോസ്റ്റ്ഗാർഡിന്‍റെ ചെറു ഡോണിയർ വിമാനങ്ങൾ നിരീക്ഷണപറക്കൽ നടത്തി. ഇതിനിടെ ഒൻപത് ജീവനക്കാർ കടലിൽ ചാടിയതായി സ്ഥിരീകരിച്ച് അവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു. കോസ്റ്റ് ഗാർഡ്, നാവിക സേന കപ്പലുകൾ, ബോട്ടുകൾ ഉൾപ്പെടെ ഉപയോഗപ്പെടുത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വൈകീട്ട് ആറരയോടെ 21 പേരുടെ ജീവൻ സുരക്ഷിതമാക്കി. ബാക്കിയുള്ള മൂന്നുപേർ ഉൾപ്പെടെ എല്ലാവരും സുരക്ഷിതരാണെന്ന വിവരം ഏഴ് മണിയോടെ പുറത്തുവന്നു.
കൊച്ചിയിലെത്തിയ ശേഷം തൂത്തുക്കുടിയിലേക്ക് പുറപ്പെടേണ്ടതായിരുന്നു കപ്പൽ. ഡോണിയർ വിമാനത്തിൽ നിന്നും പകർത്തിയ ചിത്രങ്ങളിലൂടെയാണ് അപകടത്തിന്‍റെ വ്യാപ്തി പുറംലോകമറിഞ്ഞത്. കണ്ടെയ്നറുകൾ കടലിൽ ഒഴുകി നടക്കുന്ന നിലയിലായിരുന്നു. കപ്പലിന്‍റെ ഒരുഭാഗം കടലിലേക്ക് താഴ്ന്ന നിലയിലുമാണ് പുറത്തുവന്ന ദൃശ്യങ്ങളിലുണ്ടായിരുന്നത്. ജീവനക്കാരെ സുരക്ഷിതരാക്കിയതോടെ കപ്പൽ ഉയർത്തുകയെന്നതാണ് അടുത്ത പ്രധാന ദൗത്യം. സൾഫർ ഉൾപ്പെടുന്ന കണ്ടെയ്നറിലെ പദാർഥങ്ങൾ പൊതുജനങ്ങൾക്കും കടലിനും അപകടം വരുത്താതിരിക്കാനുള്ള ജാഗ്രത അധികൃതർ തുടരുകയാണ്.
saxxdx