അത് താ­­­നല്ലയോ­­­ ഇത് : എന്ന് വർ­­ണ്ണ്യത്തി­­­ലാ­­­ശങ്ക


മണിലാൽ

“മറ്റൊന്നിൻ ധർമ്മയോഗത്താലതുതാനല്ലയോ ഇത്

എന്നുവർണ്ണ്യത്തിലാശങ്ക ഉൽപ്രേക്ഷാഖ്യയലംകൃതി”

 

ഹിത്യത്തിലെ ചമൽക്കാര പ്രധാനമായ അലങ്കാരമാണ് ഉൽപ്രേക്ഷ. പക്ഷേ ഈ അലങ്കാരം രാഷ്ട്രീയത്തിലും മുടിചൂടാമന്നനായ് വിരാചിക്കുന്നുണ്ട് എന്നൊരു തോന്നൽ ഈ ലേഖകന് കുറച്ച് കാലമായുണ്ട്. ധാരാളം ഉദാഹരണങ്ങൾ നിരത്താൻ കഴിയും. കാലികമായ ഒന്നുമാത്രം പറയാം. മറ്റേതിൻ (യു.ഡി.എഫ്) ധർമ്മയോഗത്തിൽ അത് (യു.ഡി.എഫ്) താൻ അല്ലയോ ഇത് (എൽ.ഡി.എഫ്) എന്നാർക്കെങ്കിലും ആശ്ചര്യം ജനിച്ചാൽ അവരെ കുറ്റപ്പെടുത്താനാകുമോ? മയന്റെ കൊട്ടാരത്തിൽ പ്രവേശിച്ച ദുര്യോധനന് സ്ഥലജല വിഭ്രാന്തി ഉണ്ടായത് പോലെ, എൽ.‍ഡി.എഫിന്റെയും യു.ഡി.എഫിന്റെയും നയങ്ങളിൽ, ഏത് തീരുമാനം, ആരുടേത്, എന്നാലോചിക്കുന്പോൾ ഒരു വഴികുഴൽ സംഭവിക്കുന്നില്ലേ എന്നൊരാശങ്ക. ഇത്തരം ഒരാക്ഷേപം ഉന്നയിച്ചാൽ അതിനുള്ള മറുപടി സംസ്കരിച്ച് പാക്ക് ചെയ്ത് വെച്ചത് സി.പി.ഐ (എം) ന്റെ അലമാരയിൽ സ്റ്റോക്കുണ്ട്. എല്ലാ രാഷ്ട്രീയക്കാരും ഒരുപോലെ, എല്ലാ രാഷ്ട്രീയവും മോശം എന്ന സാമാന്യവൽക്കരണം അരാഷ്ട്രീയത്തിന്റെതാണ്. അത് അഴിമതിക്കാരും കള്ളന്മാരുമായ രാഷ്ട്രീയക്കാരെ രക്ഷിക്കാനുള്ള ചതുരുപായങ്ങളിൽപ്പെട്ടതാണ് എന്നൊക്കെ. തുടർന്ന് ഇടതുമുന്നണി സ‍ർക്കാർ ചെയ്ത പല നല്ല കാര്യങ്ങളും യു.ഡി.എഫ് ചെയ്ത ദോഷങ്ങളും നിരത്തും. എന്നിട്ട് ഒരു ചോദ്യം അങ്ങോട്ടു വീശും. രണ്ടും ഒരുപോലെയാണോ? നന്പറൊക്കെ കൊള്ളാം. രണ്ടും ഒരു പോലയല്ല എന്നതും ശരി. രണ്ടും ഒരുപോലെയാണെങ്കിൽ എന്തിന് രണ്ട് ഒന്നു പോരെ? അപ്പോൾ അതൊന്നുമല്ല പ്രശ്നം. അടിസ്ഥാന മേഖലകളിലെ നിലപാടാണ്. രാഷ്ട്രീയക്കാർ ഒരു ‘പുത്തൻവർഗമായി പരിണമിച്ചിട്ടുണ്ടെന്നും ആ വർഗ്ഗത്തിന്റെ താൽപര്യത്തിനു വേണ്ടി അവരൊരുമിച്ച് ഏതറ്റം വരെയും പോകുമെന്നും തങ്ങളുടെ വർഗതാൽപ്പര്യങ്ങൾ സംരക്ഷിക്കാൻ തിരശീലക്ക് പിറകിൽ അവർ ഇരു മെയ്യും ഒറ്റ മനസുമായാണ് പ്രവർത്തിക്കുന്നത് എന്നും പതിറ്റാണ്ടുകൾക്ക് മുന്പ് തന്നെ വിവരമുള്ളവർ നിരീക്ഷിച്ചിരുന്നു. പിന്നീടിതൊരു സിദ്ധാന്തമായി വികസിപ്പിക്കപ്പെട്ടിട്ടുമുണ്ട്.

ഇടതുമുന്നണി സർക്കാർ അധികാരമേറ്റെടുക്കുന്പോൾ ‘എല്ലാം ശരിയാകും,’ ‘ഇപ്പോൾ ശരിയാക്കും’, അധികാരത്തിന്റെ ഒരു ‘ചെറിയ സ്പാനർ’ മതി എന്നൊരു തോന്നൽ ജനങ്ങളിൽ ഉളവാക്കിയിരുന്നു. ആ ദിശയിലുള്ള ചെറിയ കാൽവെപ്പുകൾ ആരംഭിക്കുകയും ചെയ്തിരുന്നു. എല്ലാവരും അതിനെ ശ്ലാഘിച്ചു. അനുമോദിക്കുകയും ചെയ്തു. ഈ പംക്തിയിലും അഭിവാദ്യം ചെയ്ത് എഴുതിയിട്ടുണ്ട്. സർക്കാർ ജീവനക്കാർക്ക് ധർമ്മബോധം കൈമോശം വന്നതിനെ മുഖ്യമന്ത്രി നിശിതമായി വിമർശിച്ചത്, ജനങ്ങൾക്കിടയിൽ പ്രതീക്ഷ ഉളവാക്കുകയും ചെയ്തു. പക്ഷേ ഇക്കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന സർക്കാറിന്റെ നീതിനടത്തിപ്പ് സംവിധാനം കൈക്കൊണ്ട നടപടികൾ, എൽ.ഡി.എഫും യു.‍ഡി.എഫും തമ്മിലെന്ത് എന്ന സന്ദേഹം വീണ്ടും ശക്തിപ്പെടാൻ ഇടയാക്കുന്നതായി. ഐസ്ക്രീം കേസിൽ കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കുന്നതിന്, സംസ്ഥാനത്തെ പോലീസ് സംവിധാനം, യു.ഡി.എഫ് സർക്കാർ ദുരുപയോഗപ്പെടുത്തി എന്ന ആക്ഷേപം ശക്തമായിരുന്നു. എന്നാൽ അന്നും സി.പി.ഐ(എം)ലെ ഔദ്യോഗിക വിഭാഗം ഇതത്ര കാര്യമാക്കിയിരുന്നില്ല. വി.എസ് അച്യുതാനന്ദനാകട്ടെ ഇക്കാര്യത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. ആ കേസിൽ തീർപ്പു കൽപ്പിക്കുന്നതിന് മുന്പ് സ്വാഭാവികമായും പ്രതിസ്ഥാനത്തുള്ളയാളിന്റെ വക്കീലിന് പറയാനുള്ളത് കോടതി കേൾക്കണം. സ്വാഭാവികമായും ഈ കേസ് വി.എസ് അച്യുതാനന്ദൻ എന്ന മനുഷ്യന് തന്നോടുള്ള വ്യക്തിവിരോധം നിമിത്തം കെട്ടിചമച്ച കേസാണെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നമുള്ള വാദമാണ് കുഞ്ഞാലിക്കുട്ടി ഉന്നയിച്ചത്. തുടർന്ന് സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്നന്വേഷിച്ച കോടതി പോലും ഒരുപക്ഷേ അത്ഭുതപ്പെട്ടു പോയി കാണും. കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾ ആവർത്തിക്കുകയായിരുന്നു ഇടതുമുന്നണി സർക്കാറിന് വേണ്ടി ഹാജരായ ഗവ.പ്ലീഡർ കോടതിയിൽ ചെയ്തത്. സംസ്ഥാനം ഭരിക്കുന്നത് വി.എസ് അച്യുതാനന്ദൻ കൂടി ഉൾപ്പെട്ട സർക്കാറാണെന്ന് ഓർക്കണം. 92ാം വയസ്സിൽ കാസർഗോഡു മുതൽ തിരുവനന്തപുരം വരെ സഞ്ചരിച്ച് യു.ഡി.എഫിനെ പ്രതിക്കൂട്ടിലാക്കി അദ്ദേഹം നടത്തിയ ജൈത്രയാത്രയാണ് ഇടതുമുന്നണിയുടെ വിജയത്തിന്റെ അടിത്തറയായത് എന്ന് സി.പി.എം ഉൾപ്പെടെ എല്ലാവരും സമ്മതിക്കുന്നുമുണ്ട്. അപ്പോൾ പിന്നെ ഉയർന്നു വരുന്ന ഒരു ചോദ്യമുണ്ട്. ഈ സർക്കാരിൽ ആർക്കാണ് കൂടുതൽ സ്വാധീനം; വി.എസ് അച്യുതാനന്ദനോ അതോ കുഞ്ഞാലിക്കുട്ടിക്കോ? തൊട്ടടുത്ത ദിവസം മറ്റൊരു സംഭവം കൂടി അരങ്ങേറി. ‘സാന്റിയാഗോ മാർട്ടിൻ’ എന്നൊരു അധോലോക കഥാപാത്രമുണ്ട്. ഭൂട്ടാൻ ലോട്ടറി എന്നൊക്കെ പറഞ്ഞ് ധാരാളം ലോട്ടറി ടിക്കറ്റ് അച്ചടിക്കും. അവിടെ ഏതെങ്കിലും രാഷ്ട്രീയക്കാരാനെ കണ്ട് കോടികൾ കൈമടക്ക് കൊടുത്ത്, നികുതിയൊന്നും നൽകാതെ കേരളത്തിൽ വരും. അവിടുത്തെ ഔദ്യോഗിക ലോട്ടറി എന്ന മേൽവിലാസത്തിൽ ഇവിടെ നികുതിയൊന്നും നൽകാതെ ഇഷ്ടം പോലെ വിറ്റഴിക്കും. ആർക്കെങ്കിലും പേരിന് ചില സമ്മാനങ്ങൾ നൽകും. ചൂതാട്ടത്തിലൂടെ കോടാനുകോടികൾ സമാഹരിക്കും. ഈ അധോലോക രാജാവിന്റെ കീശ തപ്പി നോക്കിയാൽ നമ്മുടെ പ്രധാനമന്ത്രി മുതൽ വാർഡ് മെന്പ‍‍ർ വരെയുള്ള എല്ലാരാഷ്ട്രീയ നേതാക്കളെയും ആ കീശയിൽ കാണാം. അതിന് പാർട്ടി വ്യത്യാസമൊന്നുമില്ല. വിപ്ലവകാരികളും ജനാധിപത്യവാദികളും ഹിന്ദുത്വവാദികളും തുടങ്ങി എല്ലാ പാ‍‍‍‍ർട്ടികളിലും മാർട്ടിന് േവണ്ടപ്പെട്ടവരുണ്ട്. കൂട്ടത്തിൽ പറയട്ടെ, പണ്ട് എ.കെജിയെപ്പോലുള്ളവർ പാലോറ മാതയുടെ പശുക്കുട്ടിയെ സംഭാവനയായി സ്വീകരിച്ചും മറ്റും പടുത്തുയർത്തിയ ദേശാഭിമാനി പത്രത്തിന് വേണ്ടി, അതിന്റെ മാനേജർ ഇ.പി ജയരാജൻ രണ്ട് കോടി വായ്പ വാങ്ങിയത്  ഈ മാർട്ടിനോടായിരുന്നു. സംഗതി വിവാദമായപ്പോൾ ഇ.പി ജയരാജൻ എന്ന കേന്ദ്രകമ്മിറ്റി അംഗം ചോദിച്ചത് വാങ്ങിയത് സംഭാവനയൊന്നുമല്ലല്ലോകടമല്ലേ? അത് തിരിച്ചു കൊടുത്താൽ പ്രശ്നം തീരില്ലേ എന്നായിരുന്നു. അതല്ലേ ശരി? അന്ന് കടം തിരിച്ചു കൊടുത്ത് പ്രശ്നം പരിഹരിച്ചതാണ്. പിന്നീട് വർഷങ്ങളോളം മാർട്ടിൻ ലോട്ടറിയുടെ ഫലപ്രഖ്യാപനവും നറുക്കെടുപ്പുമൊക്കെ കൈരളി ചാനൽ നടത്തിയത് വേറെ കാര്യം. അതിനുള്ള പരസ്യകൂലിയും മാർട്ടിൻ നൽകിയിട്ടുണ്ടാവും. ഏതായാലും ഈ മാർട്ടിന്റെ ലോട്ടറി എന്ന തട്ടിപ്പ് കേരളത്തിൽ അനുവദിക്കില്ല എന്നൊരു നിലപാട് അന്ന് മുഖ്യമന്ത്രിയായ വി.എസ് അച്യുതാനന്ദൻ സ്വീകരിച്ചു. മാർട്ടിൻ കുലുങ്ങിയില്ല. കാരണം സുപ്രീംകോടതി മുതൽ താഴെ കോടതി വരെ ഏത് തരം കേസും നടത്തി പകലിനെ രാത്രിയായി വാദിച്ച് ജയിച്ചു വരാൻ ശേഷിയുള്ള അഭിഭാഷകർ മാ‍‍‍‍ർട്ടിന്റെ കീശയിൽ എപ്പോഴും സ്റ്റോക്കുണ്ടാകും. ഒരു ഹിയറിംഗിന് കോടികൾ വക്കീൽ ഫീസായി നൽകേണ്ടി വരും എന്നുമാത്രം. അത് മാ‍‍‍‍ർട്ടിന് പ്രശ്നവുമല്ല. കോൺഗ്രസ് നേതാക്കളായ കബിൽസിബൽ, ചിദംബരം, എ.ഐ.സി.സി വക്താവ് അഭിഷേക് സിംഗ്്വി തുടങ്ങിയവരൊക്കെ മാർട്ടിനുവേണ്ടി കോടതിയിൽ ഹാജരാവാറുണ്ട്. മുഖ്യമന്ത്രി അച്യുതാനന്ദൻ നടപ്പിലാക്കിയ മാർട്ടിൻ ലോട്ടറി നിരോധനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഒരു കേസിൽ ഹൈക്കോടതിയിൽ വാദിക്കാനെത്തിയത് കോൺഗ്രസ് വക്താവ് അഭിഷേക് സിംഗ്്വി ആയിരുന്നു. ഇതിലെ അധാർമ്മികത ചൂണ്ടിക്കാട്ടി അന്ന് ഇടതുമുന്നണി നേതാക്കൾ നടത്തിയ ശക്തമായ ഇടപെടൽ മൂലം അന്ന് എ.ഐ.സി.സി നേതൃത്വം പോലും ചൂളിപ്പോയിരുന്നു. കുറച്ചു ദിവസത്തേക്ക് സിംഗ്്വിയെ എ.ഐ.സി.സി വക്താവ് സ്ഥാനത്ത് നിന്നുപോലും നീക്കം ചെയ്തതയാണ് ഓർമ്മ. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ഡോക്ടർ തോമസ് ഐസക് എന്നിവരൊക്കെ ഈ അധാർമ്മികക്കെതിരെ ഗർജ്ജിച്ചത് ഇപ്പോഴും ചാനലുകളിൽ മുഴങ്ങുന്നുണ്ട്. പക്ഷേ കഴി‍‍‍‍ഞ്ഞ ദിവസം മാ‍‍‍‍ർട്ടിനു വേണ്ടി കോടതിയിൽ ഹാജരായത് ഇടതുമുന്നണി സർക്കാരിന്റെ അഡ്വക്കേറ്റ് ജനറൽ എം.കെദാമോദരൻ നേരിട്ടു തന്നെയായിരുന്നു. മാർട്ടിൻ ലോട്ടറിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച വി.എസ് അച്യുതാനന്ദൻ സർക്കാരിന്റെ, തുടർച്ച തന്നെയായിരിക്കണമല്ലോ പിണറായി വിജയൻ നയിക്കുന്ന ഈ ഇടതുമുന്നണി സർക്കാരും. അപ്പോൾ സർക്കാർ താല്പര്യം സംരക്ഷിക്കേണ്ട അഡ്വ. ജനറൽ എങ്ങിനെ മാ‍‍‍‍ർട്ടിനു വേണ്ടി ഹാജരാകും? അതിൽ നിയമപരമായി പ്രശ്നമില്ലായിരിക്കാം. പക്ഷേ തങ്ങൾ നേരത്തെ പുരപ്പുറത്ത് കയറി കൂവിയാർത്ത ‘ധാർമ്മികത’ ഇപ്പോൾ കുളിച്ച് കാശിക്ക് പോയതായിരിക്കുമോ? ഉമ്മൻചാണ്ടിയുടെ ദണ്ധപാണി എന്ന അഡ്വ. ജനറലിനെതിരെ എന്തൊക്കെ പുകിലുകളാണ് ഇടതുമുന്നണി ഉയർത്തിവിട്ടത്? അന്നത്തെ പ്രധാന ആക്ഷേപം ‘ദണ്ധപാണി അസോസിയേറ്റ്സ്’ എന്ന അദ്ദേഹത്തിന്റെ വക്കീൽ സ്ഥാപനം പ്രതികളുടെ കേസെറ്റെടുക്കുന്നു, ഭാര്യയും മകനുമൊക്കെ പ്രതികൾക്ക് വേണ്ടി വാദിക്കുന്നു. അതേ കേസിൽ ദണ്ധപാണി എതിർകക്ഷിയായ സർക്കാരിന് വേണ്ടി വാദിക്കുന്നു. ഇത് ധാർമ്മികതയാണോ എന്ന പ്രശ്നമായിരുന്നു. സർക്കാർ കേസുകളൊക്കെ ദണ്ധപാണി തോറ്റുകൊടുക്കുന്നു, അസോസിയേറ്റ്സിന് കോടിക്കണക്കിന് രൂപ വക്കീൽ ഫീസ് ഈ ഇനത്തിൽ ലഭിക്കുന്നു എന്നായിരുന്നു. ഇതിന് പുറമെ ധാരാളം തോട്ടങ്ങളും ഭൂമിയും കായൽ നിലങ്ങളുമൊക്കെ സ്വന്തമാക്കുന്നു എന്നും ആക്ഷേപം ഉയർന്നിരുന്നു. അതിനെതിരെ വീറോടെ വാദിച്ചവരാണല്ലോ ഇപ്പോഴത്തെ ഭരണക്കാർ. അന്ന് ഭാര്യയും മകനുമാണ് കേസ് വാദിച്ചതെങ്കിൽ ഇവിടെ ഒരു വ്യത്യാസമുണ്ട്. അഡ്വ. ജനറൽ എം.കെ ദാമോദരൻ നേരിട്ടാണ് മാർട്ടിനു വേണ്ടി ഹാജരായത്. യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ ഒരു വ്യത്യാസവും ഇല്ലെന്നു പറയാനാവില്ല. അന്ന് ഇന്നത്തെ ഭരണകക്ഷിക്കാരായ പ്രതിപക്ഷം ആർത്തലച്ച് ബഹളം വെച്ചിരുന്നു. ഇന്നത്തെ പ്രതിപക്ഷം അങ്ങിനെയല്ല. അവർക്കിതിലൊന്നും പുതുമയില്ല. ഇതൊക്കെ സംഭവിക്കുന്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോട്ടുവായിട്ട് കൂ‍‍‍‍ർക്കം വലിച്ച് നല്ല ഉറക്കത്തിലായിരുന്നു. ഉമ്മൻചാണ്ടിക്ക് ചെറിയ വിക്ക് ഉള്ളതുകൊണ്ട് അദ്ദേഹത്തിന് വാക്കുകൾ പുറത്തുവന്നില്ല. വി.ഡി സതീശൻ, ടി.എൻ പ്രതാപൻ, വി.ടി ബൽറാം തുടങ്ങിയവരൊക്കെ പ്രശ്നം പഠിച്ചു വരികയാണ്. പഠിച്ചുവരുന്പോൾ ഒരു കാര്യം മനസിലാകും. തങ്ങൾ പ്രതിപക്ഷത്താണ്. ഇനിയിപ്പോൾ ഭരണത്തിലെത്താനും വലിയ സാധ്യതയൊന്നുമില്ല. പിന്നെ ചുമ്മാ, പുറത്ത് ഒച്ച വെക്കുന്നതാണെങ്കിലും മാർട്ടിനെപ്പോലൊരു അധോലോക രാജാവിനെ വെറുപ്പിച്ചാൽ കഞ്ഞി കുടി മുട്ടും. ഇതൊക്കെ പുതിയ രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങളാണ്.

നേരാംവണ്ണം അദ്ധ്വാനിച്ച് നന്നായി ജീവിച്ചാൽ ഒരു വകയ്ക്ക് കൊള്ളാതാവും എന്നറിയുന്നവരും, രക്ഷപ്പെടാൻ ഒരു മാർഗവുമില്ലെന്ന് ചിന്തിക്കുന്നവരുമൊക്കെയാണല്ലോ പണത്തിന് ആർത്തി പിടിച്ച് ലോട്ടറിയിൽ അഭയം പ്രാപിക്കുന്നത്. ദിവസേന പണിയെടുത്താൽ കിട്ടുന്ന കാശു മുഴുവൻ ലോട്ടറിയെടുക്കുന്ന മനോരോഗികൾ ധാരാളമുള്ള നാടാണ് കേരളം. ദിനംപ്രതി അവരുടെ എണ്ണം കൂടുന്നുമുണ്ട്. അങ്ങാടിയിലും നാട്ടിൻപുറങ്ങളിലുമൊക്കെ ഏറ്റവും പ്രധാന വ്യവസായങ്ങളിലൊന്ന് ഇന്ന് ലോട്ടറിയാണ്. അത് ഒറ്റ നന്പറും ഇരട്ട നന്പറുമൊക്കെയായി ധാരാളമുണ്ട്. യഥാർത്ഥ ചൂതാട്ടമാണിവിടെ നടക്കുന്നത്. ആയിരക്കണക്കിന് സാധാരണക്കാരാണ് ദിനംപ്രതി ലോട്ടറി മൂലം വഴിയാധാരമാകുന്നത്. എങ്കിലെന്ത് സാധാരണക്കാർ എല്ലാ പാ‍‍‍‍ർട്ടികൾക്കും വോട്ടു ചെയ്യാൻ മാത്രം മതിയല്ലോ. പണത്തിന് സാന്റിയാഗോ മാർട്ടിൻ തന്നെ വേണം. അപ്പോൾ അവരെ മുഷിപ്പിക്കുന്ന കാര്യങ്ങളൊന്നും ഒരു സർക്കാറിനും ചെയ്യാനാവില്ല. പ്ലീനവും ചെങ്കടൽ ഘോഷങ്ങളുമൊക്കെ മുറപോലെ നടക്കും. പാർട്ടിയെ ഗ്രസിച്ച അന്യവർഗ ആശയങ്ങളെ, കഴുകിക്കളയാനായിരുന്നല്ലോ പാലക്കാട് പ്ലീനം നടത്തിയത്. അന്നത്തെ തീരുമാനങ്ങളിൽ ചിലത് ജനങ്ങളോട് വിനയത്തോടെ െപരുമാറണം, ജനവിരുദ്ധരിൽ നിന്ന് പണമോ പരസ്യങ്ങളോ ഒന്നും സ്വീകരിക്കരുത് എന്നൊക്കെയായിരുന്നു. പ്ലീനം പാലക്കാടിനെ ചെങ്കടലാക്കി മാറ്റിയത് ലോകത്തെ അറിയിക്കാൻ അന്നിറങ്ങിയ ദേശാഭിമാനി പത്രത്തിന്റെ മുൻപേജിൽ അച്ചടിച്ചു വന്നത്, വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ ആശംസയായിരുന്നു. അത് വിവാദമായതോടെ ദേശാഭിമാനി മാനേജർ ഇ.പി ജയരാജൻ പത്രക്കാരെ ‘വളരെ വിനയത്തോടെ’ നേരിട്ടതും എല്ലാവരും കണ്ടതാണ്. തുടർന്ന് തിരുവനന്തപുരം മാഞ്ഞാളിക്കുളത്തെ ദേശാഭിമാനിയുടെ പഴയ കെട്ടിടവും 30 സെന്റോളം സ്ഥലവും നിസാരവിലക്ക് ഈ വ്യവസായി സ്വന്തമാക്കിയത് ഒരു ചാനൽ പുറത്തു കൊണ്ടുവന്നു. ചതുരശ്ര അടിക്ക് കോടികൾ വിലയുള്ള തിരുവനന്തപുരത്തെ കണ്ണായ സ്ഥലം വില്പന നടത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ദേശാഭിമാനിയുടെ ചീഫ് എഡിറ്റർ വി.വി ദക്ഷിണാമൂർത്തി പറഞ്ഞത് ‘വില്പനയെക്കുറിച്ച് എനിക്കറിയില്ല’ എന്നാണ്. ചീഫ് എഡിറ്റർ പോലുമറിയാതെയാണ് ഇവിടെ കാര്യങ്ങൾ നടക്കുന്നത് എങ്കിൽ അതിന്റെ പേരാണോ ഇടതുപക്ഷം? പാലോറ മാത പശുക്കുട്ടിയെ നൽകിയും സാധാരണ ജനങ്ങൾ പിടിയരി പിരിച്ചുമൊക്കെ പടുത്തുയർത്തിയ ദേശാഭിമാനിയുടെ വില്പനയെ കുറിച്ച് ജനറൽ മാനേ‍‍‍‍ജർ ഇ.പി ജയരാജൻ വളരെ വിനയാന്വിതനായി പ്രതികരിച്ചത് “ഞങ്ങളുടെ ഭൂമി, ഞങ്ങളുടെ സ്വത്ത് ഞങ്ങളുടെ ഇഷ്ടത്തിന് വിൽക്കുകയും വാങ്ങുകയുമൊക്കെ ചെയ്യും ഇതിൽ നിങ്ങൾക്കെന്തുകാര്യം” എന്നായിരുന്നു. അദ്ദേഹമാണ് ഈ മന്ത്രിസഭയിലെ രണ്ടാമൻ എന്നോർക്കണം. അപ്പോ പിന്നെ നമുക്ക് ഉൽപ്രേക്ഷയിൽ അഭയം പ്രാപിക്കാം. ഉമ്മൻചാണ്ടിമാരും കുഞ്ഞാലിക്കുട്ടിമാരുമൊക്കെ തന്നെയല്ല പിണറായിമാരും ജയരാജന്മാരുമെന്ന് വെറുതെ സംശയിക്കാം. അദ്വൈത വേദാന്തം നമ്മെ പഠിപ്പിക്കുന്ന ഒന്നുണ്ട്. സാന്റിയോമാർട്ടിൻമാരാണ് യഥാർത്ഥത്തിലുള്ളത്. മറ്റൊല്ലാം മായയാണ്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed