ഓൺലൈൻ തട്ടിപ്പ്; സൗദിയിൽ മലയാളി നഴ്സുമാർക്കു ലക്ഷങ്ങൾ നഷ്ടമായി


സൗദിയിൽ ഓൺലൈൻ തട്ടിപ്പിൽപ്പെട്ടു മലയാളി നഴ്സുമാർക്കു ലക്ഷങ്ങൾ നഷ്ടമായി. ദമാമിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന മൂന്നു മലയാളി നഴ്സുമാർക്കാണു പണം നഷ്ടമായത്. നാട്ടിലെ കട ബാധ്യതകൾ തീർക്കാൻ ബാങ്കിൽ നിന്നു ലോണെടുത്ത പണം ഇവരുടെ അക്കൗണ്ടിൽ എത്തിയതിന്‍റെ രണ്ടു ദിവസം കഴിഞ്ഞാണു തട്ടിപ്പ് നടന്നത്.

അക്കൗണ്ട് നന്പർ പറഞ്ഞിട്ട് ഇതു നിങ്ങളുടെ പേരിലുള്ളതല്ലേ എന്നുള്ള ഒരു ഫോൺ കോൾ വരികയായിരുന്നു ആദ്യം. തങ്ങളുടെ അക്കൗണ്ട് നന്പർ കേട്ടതോടെ ഫോൺ വിളി ബാങ്കിൽ നിന്നാണെന്നു വിശ്വസിച്ചുപോയ ഇവർ സംസാരിക്കാൻ തുടങ്ങി. ചില വിവരങ്ങൾ അറിയാനുണ്ടെന്ന വ്യാജേന 10 മിനിറ്റിലധികം ഫോൺ കട്ട് ചെയ്യാതെ ഇവരെ ലൈനിൽ തന്നെ നിർത്തി. ഈ സമയത്തിനുള്ളിലാണ്, ഒരാളുടെ അക്കൗണ്ടിലുണ്ടായിരുന്ന 38,000 റിയാലും മറ്റു രണ്ടു പേരുടെ അക്കൗണ്ടുകളിൽ നിന്ന് 40,000 റിയാൽ വീതവും തട്ടിപ്പുകാർ മറ്റൊരു അക്കൗണ്ടിലേക്കു മാറ്റിയത്.

ഒടിപി നന്പർ ഫോണിലെത്തിയത് ചോദിക്കുകയോ മറ്റോ ചെയ്തിട്ടില്ല. എന്നാൽ ഫോൺ കട്ട് ചെയ്യാതെ കിട്ടിയ 10 മിനിറ്റ് സമയത്തിനുള്ളിൽ അതിലെത്തിയ ഒടിപി നന്പർ തട്ടിപ്പുകാർ മറ്റേതോ മാർഗത്തിലൂടെ കൈക്കലാക്കിയെന്നാണു കരുതുന്നത്. പുറം രാജ്യത്തെ ഒരു അക്കൗണ്ടിലേക്കാണ് ഇവർ പണം മാറ്റിയത്. വിദേശത്തെ ബാങ്കിലേക്കാണു പണം മാറ്റിയത് എന്നതിനാൽ പണം തിരിച്ചു പിടിക്കാൻ പ്രയാസമാകുമെന്ന തരത്തിലാണ് ബാങ്ക് അധികൃതരുടെ ഭാഗത്തു നിന്നു ലഭിച്ച മറുപടി.

പൊലീസിലും ബാങ്കിലും ഇവർ പരാതി നൽകിയിട്ടുണ്ട്. ഒട്ടും സംശയിക്കാത്ത നിലയിലായിരുന്നു തട്ടിപ്പ് സംഘം കെണി ഒരുക്കിയത്. ബാങ്കുകളിൽ നിന്ന് ആരും ഇടപാടുകാരുടെ അക്കൗണ്ട് വിവരങ്ങൾ ഫോണിലൂടെ കൈകാര്യം ചെയ്യില്ലെന്നു ബാങ്ക് അധികൃതർ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed