ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ റണ്ണറപ്പായ ഓട്ടോ ഡ്രൈവറുടെ മകൾ പറയുന്നു...


മുംബൈ: ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ റണ്ണറപ്പായ മന്യ സിംഗ് എന്ന ഉത്തർപ്രദേശുകാരിയുടെ ജീവിത കഥ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഉത്തർപ്രദേശിലെ ഖുശിനഗറിൽ ഓട്ടോറിക്ഷാ ഡ്രൈവറായ ഓംപ്രകാശിന്റെ മകളാണ് മന്യ. ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്ത കുടുംബചിത്രത്തിനൊപ്പം ഒരു കുറിപ്പിലൂടെ കല്ലും മുള്ളും നിറഞ്ഞ ജീവിതത്തെക്കുറിച്ചും, അതിൽ തളരാതെ മുന്നോട്ട് പോകുവാൻ പ്രേരിപ്പിക്കുന്ന ജീവിത ലക്ഷ്യത്തെക്കുറിച്ചും ആത്മവിശ്വാസത്തോടെ സമൂഹത്തോട് പങ്കുവയ്ക്കുകയാണ് മന്യ.

ഭക്ഷണവും ഉറക്കവുമില്ലാതെ എത്രയോ രാത്രികൾ കഴിച്ചുകൂട്ടി. എത്രയോ കിലോമീറ്ററുകൾ വണ്ടിക്കൂലി ലാഭിക്കാൻ നടന്നു. സാധാരണക്കാരനായ ഒരു ഓട്ടോ ഡ്രൈവറുടെ മകളെന്ന നിലയിൽ തനിക്കു സ്‌കൂളിൽ പോകാൻ കഴിഞ്ഞില്ല. കേവലം പതിനാലാമത്തെ വയസിൽ വീട്ടിൽ നിന്നും ജോലിക്കായി പോകേണ്ടി വന്നു. എന്നാൽ തുടർന്നും പഠിക്കാൻ തീരുമാനിച്ചു അതിനായി വൈകിട്ട് ഹോട്ടലിൽ പാത്രങ്ങൾ കഴുകിയും രാത്രി കോൾ സെന്ററിൽ ജോലി ചെയ്തും പണം കണ്ടെത്തി.

ഡിഗ്രിക്ക് പഠിക്കുവാനായി അമ്മയുടെ അവസാന തരി സ്വർണവും തനിക്ക് വിൽക്കേണ്ടി വന്നതായും അങ്ങനെയാണ് പരീക്ഷയ്ക്കു ഫീസടച്ചതെന്നും മന്യ പറയുന്നു. 

തന്റെ അച്ഛനും അമ്മയ്ക്കും സഹോദരനും മെച്ചപ്പെട്ട ജീവിതത്തിലേക്കു കൈപിടിച്ചുയർത്താനുള്ള അവസരമായിട്ടാണ് മിസ് ഇന്ത്യ മത്സരവേദിയെ താൻ കണ്ടതെന്നും അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സ്വപ്നം കാണാനും അതിനായി ആത്മാർഥമായി പരിശ്രമിക്കാനും കഴിഞ്ഞാൽ നമ്മെ ആർക്കും തടഞ്ഞുനിർത്താനാകില്ലെന്ന തന്റെ അനുഭവ പാഠവും അവർ മറ്റുള്ളവർക്കായി പകർന്നു നൽകുന്നു. ഈ വർഷത്തെ ഫെമിന മിസ് ഇന്ത്യ കിരീടം തെലങ്കാനയുടെ മാനസ വാരാണസിയാണ് നേടിയത്. എന്നാൽ മന്യ സിംഗ് ഹൃദയസ്പർശിയായ തന്റെ ജീവിത കഥയിലൂടെ ഇന്ത്യയുടെ ഹൃദയത്തെ കീഴടക്കിയിരിക്കുകയാണ്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed