ഉദയ്‌പൂർ കൊലപാതകം; പ്രതികൾക്ക് ഐഎസ് ബന്ധം ജയ്പൂരിൽ സ്ഫോടനം നടത്താനുള്ള ഗൂഢാലോചനയിലും പങ്കെടുത്തതായി റിപ്പോർട്ട്


രാജസ്ഥാനിലെ ഉദയ്‌പൂരിൽ തയ്യൽക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിലെ രണ്ട് പ്രധാന പ്രതികൾക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് പൊലീസ്. ജയ്പൂരിൽ മാർച്ച് 30ന് സ്ഫോടനം നടത്താനുള്ള ഗൂഢാലോചനയിലും ഇവർ പങ്കെടുത്തിട്ടുണ്ട്. പ്രവാചകൻ മുഹമ്മദിനെതിരെ വിവാദ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയ്ക്ക് അനുകൂലമായി പോസ്റ്റിട്ടതിന്റെ പേരിലാണ് തയ്യൽക്കാരനായ കനയ്യലാലിനെ വധിച്ചത്.

മുമ്പ് ടോങ്കിൽ നിന്ന് അറസ്റ്റിലായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ മുജീബുമായി ഈ കേസിലെ പ്രതി മുഹമ്മദ് റിയാസ് അക്താരിക്ക് ബന്ധമുണ്ട്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ദവത്ത്−ഇ−ഇസ്ലാമി വഴിയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ റിമോട്ട് സ്ലീപ്പർ ഓർഗനൈസേഷനായ അൽസുഫയുമായി ഇവർ ബന്ധം പുലർത്തിയിരുന്നത്. ഉദയ്പൂരിലെ അൽ−സുഫയുടെ തലവനാണ് കേസിലെ പ്രധാന പ്രതി മുഹമ്മദ് റിയാസ് അക്താരി.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം എൻഐഎ പ്രത്യേക സംഘം ഉദയ്പൂരിൽ എത്തിയിരുന്നു. കൊലപാതകത്തിന് പിന്നിൽ ഭീകരവാദസംഘടനകൾക്ക് പങ്കുണ്ടെന്ന് ആദ്യം മുതൽത്തന്നെ കേന്ദ്രം കരുതിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് എൻഐഎ സംഘം പരിശോധന നടത്തിയത്. കൊലപാതകത്തിന് പിന്നാലെയുണ്ടായ സംഘർഷ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുകയാണ്.

കഴിഞ്ഞ ദിവസം ഉദയ്പൂരിൽ നടന്ന പ്രതിഷേധത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ നിരവധി വാഹനങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടിരുന്നു. കല്ലേറിൽ പൊലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്. ജനങ്ങൾ സമാധാനം പാലിക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അശോക് ഗെലോട്ട് വ്യക്തമാക്കി. സർക്കാരിന്‍റെ കഴിവുകേടാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന വിമർശനം ബി ജെ പി ശക്തമാക്കുകയാണ്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed