നായാട്ട് സംഘം നടത്തിയ വെടിവയ്പിൽ സബ് ഇൻസ്പെക്ടർ അടക്കം മൂന്നു പോലീസുകാർ കൊല്ലപ്പെട്ടു


മധ്യപ്രദേശിലെ ഗുണ ജില്ലയിലെ വനത്തിൽ ഇന്നു പുലർച്ചെ കൃഷ്ണമൃഗത്തെ വേട്ടയാടാനെത്തിയ സംഘം നടത്തിയ വെടിവയ്പിൽ സ്ബ ഇൻസ്പെക്ടർ അടക്കം മൂന്നു പോലീസുകാർ കൊല്ലപ്പെട്ടു. തോക്കുകളുമായി മോട്ടോർ ബൈക്കിലെത്തിയ വേട്ടക്കാർ പോലീസുകാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ഗുണ പോലീസ് സൂപ്രണ്ട് രാജീവ് മിശ്ര പറഞ്ഞു. പോലീസ് തിരിച്ചടിച്ചെങ്കിലും ഇടതൂർന്ന മരക്കാടുകൾ മറയാക്കി വേട്ടക്കാർ രക്ഷപ്പെട്ടു. ആക്രമണത്തിൽ സബ് ഇൻസ്പെക്ടർ രാജ്കുമാർ ജതാവ്, ഹെഡ് കോൺസ്റ്റബിൾ സന്ത് കുമാർ മിന, കോൺസ്റ്റബിൾ നീരജ് ഭാർഗവ് എന്നിവരാണ് കൊല്ലപ്പെട്ടത്. പോലീസ് വാഹനത്തിന്‍റെ ഡ്രൈവർക്കു പരിക്കേറ്റതായും അദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

കൃഷ്ണമൃഗങ്ങളെ ലക്ഷ്യമിട്ടു വേട്ടക്കാർ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നതായി പോലീസിന് സൂചന ലഭിച്ചതിനെത്തുടർന്നാണ് ഉദ്യോഗസ്ഥരെ ഗുണ ജില്ലയിലെ ആരോൺ പോലീസ് സ്റ്റേഷന്‍റെ കീഴിലുള്ള വനത്തിലേക്ക് അയച്ചത്. വനമേഖലയിൽനിന്നു നിരവധി കൃഷ്ണമൃഗങ്ങളുടെ ശരീരഭാഗങ്ങൾ കണ്ടെടുത്തിട്ടുണ്ട്. മൂന്നു പോലീസ് ഉദ്യോഗസ്ഥരുടെ മരണത്തിൽ സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അനുശോചനം രേഖപ്പെടുത്തുകയും കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കാൻ നിർദേശം നൽകുകയും ചെയ്തു.

You might also like

Most Viewed