നടിയെ ആക്രമിച്ച കേസ്; ജഡ്‌ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി ഹൈക്കോടതി


നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ആവശ്യം തള്ളി ഹൈക്കോടതി. ജഡ്‌ജി ഹണി എം. വർഗീസിനെ വിചാരണ ചുമതലയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജിയാണ് തള്ളിയത്. സെഷൻസ് ജഡ്‌ജി ഹണി എം. വ‌ർഗീസ് തന്നെ വിചാരണ നടത്തണം എന്നത് സംബന്ധിച്ച ഉത്തരവ് ഹൈക്കോടതി പുറത്തിറക്കുകയും ചെയ്തു. കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റരുതെന്നും കത്തിൽ നടി ആവശ്യപ്പെട്ടിരുന്നു. 

ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ സിബിഐ പ്രത്യേക കോടതിയിൽ നിന്ന് കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സെഷൻസ് കോടതിയിലേക്ക് മാറ്റി. മറ്റന്നാൾ കേസ് പരിഗണിക്കുന്നത് സെഷൻസ് കോടതിയിലാണ്. ഇത് സംബന്ധിച്ച വ്യക്തമായ അറിയിപ്പ് അഭിഭാഷകർക്ക് നൽകിയിട്ടുണ്ട്. ഹണി എം വർഗീസിനെ വിചാരണ ചുമതലയിൽ നിന്ന് നീക്കണമെന്ന നടിയുടെ ആവശ്യം തള്ളിക്കൊണ്ട് ഹൈക്കോടതി രജിസ്ട്രാറുടെ ഓഫീസ് ഉത്തരവിറക്കിയിട്ടുണ്ട്.

വനിതാ ജഡ്‌ജി വേണമെന്ന അതിജീവിതയുടെ ആവശ്യത്തെ തുടർന്നായിരുന്നു ഹണി എം. വർഗീസിനെ വിചാരണ ചുമതല ഏൽപ്പിച്ചത്. എറണാകുളം സിബിഐ കോടതി ജഡ്‌ജിയായി പ്രവർത്തിക്കുന്നതിനിടെയാണ് ഹണിക്ക് നടിയെ ആക്രമിച്ച കേസിലെ വിചാരണ ചുമതല നൽകിയത്. പിന്നീട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ‌ജഡ്‌ജിയായി സ്ഥാനക്കയറ്റം ലഭിച്ചിട്ടും സിബിഐ കോടതിയിലെ വിചാരണ തുടരുകയായിരുന്നു. എറണാകുളം സിബിഐ കോടതിയിൽ നിന്ന് കേസിന്റെ നടത്തിപ്പ് കഴിഞ്ഞ ദിവസമാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത് .

You might also like

  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed