കണ്ണൂർ വിമാനത്താവളത്തിൽ 1.3കോടിയുടെ സ്വർണ വേട്ട


കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 90 ലക്ഷത്തിന്‍റെ സ്വർണവുമായി കോഴിക്കോട് സ്വദേശിയേയും 43 ലക്ഷം രൂപ വിലമതിക്കുന്ന 834 ഗ്രാം സ്വർണവുമായി ചെറുകുന്ന് സ്വദേശി ഇസ്മായിലിനെയും  കസ്റ്റംസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കായക്കുടി സ്വദേശിയായ  അബ്ദുറഹ്മാനിൽനിന്നാണ് 90 ലക്ഷം രൂപ വിലമതിക്കുന്ന 1717 ഗ്രാം സ്വർണം പിടികൂടിയത്. മസ്കറ്റിൽനിന്ന് ഗോ എയർ വിമാനത്തിലെത്തിയതായിരുന്നു ഇയാൾ. കസ്റ്റംസിന്‍റെ  ചെക്ക് ഇൻ പരിശോധനയിൽ സംശയം തോന്നിയ യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുള്ള 1980 ഗ്രാം സ്വർണം രണ്ടു പോളിത്തീൻ പായ്ക്കറ്റുകളിലാക്കി ഇയാളുടെ കാൽമുട്ടിന് താഴെയായി കെട്ടിയനിലയിലാണ് കണ്ടെത്തിയത്. ഇയാളുടെ മൊഴിയുടെയും ഫോൺവിവരങ്ങളുടെയും അടിസ്ഥാനത്തിൽ കൊണ്ടുപോകാനെത്തിയ വടകരയിലെ ഹമീദിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.  

കസ്റ്റംസ് കണ്ണൂർ പ്രിവന്‍റീവ് ഡിവിഷൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇസ്മായിലിൽനിന്ന് സ്വർണം പിടിച്ചത്. ഇന്നലെ വൈകുന്നേരം ഷാർജയിൽനിന്നു എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു ഇസ്മായിൽ. കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ ചെക്കിംഗ് പരിശോധനയിൽ സംശയം തോന്നിയ യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം മൂന്ന് ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. സ്വർണം പിടികൂടുമ്പോൾ 916 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 834 ഗ്രാം സ്വർണമാണ് ലഭിച്ചത്.

You might also like

  • Lulu Exhange
  • Lulu Exhange
  • 4PM News

Most Viewed