സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; മരണം മൂന്നായി



സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ട് കുഞ്ഞുങ്ങളും ഒരു വയോധികനുമാണ് ഇന്ന് മരിച്ചത്. കൊല്ലം തെന്മല നാഗമലയിലാണ് തോട്ടില്‍ വീണ് വയോധികന്‍ മരിച്ചത്. നാഗമല സ്വദേശി ഗോവിന്ദരാജ് (65) ആണ് അപകടത്തില്‍പ്പെട്ടത്. തോട് മുറിച്ചുകടക്കുന്നതിനിടെ തോട്ടിലേക്ക് വീഴുകയായിരുന്നു. കനത്ത മഴയില്‍ തോട്ടില്‍ വെള്ളം ഉയര്‍ന്നിരുന്നു. മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. 0495 2371002, ടോള്‍ ഫ്രീ നമ്പര്‍: 1077.
മലപ്പുറം കരിപ്പൂരില്‍ കനത്ത മഴയെ തുടര്‍ന്ന് വീട് തകര്‍ന്ന് രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു. എട്ടുവയസുകാരി റിസ്വാന, ഏഴുമാസം പ്രായമുള്ള റിന്‍സാന എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചേ മുക്കാലോടെയാണ് സംഭവം.
കരിപ്പൂര്‍ മാതംകുളത്താണ് അപകടമുണ്ടായത്. സമീപത്ത് പണിനടന്നുകൊണ്ടിരുന്ന ഒരു വീടിന്റെ മതില്‍ അടുത്തുള്ള വീടിനു മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.
മധ്യ-വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുനല്‍കി.പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ കനത്ത മഴ തുടരുന്നു. അട്ടപ്പാടി ചുരം റോഡില്‍ മൂന്നിടങ്ങളില്‍ മരംവീണ് ഗതാഗതം തടസപ്പെട്ടു. അതിരപ്പള്ളി ആനമല റോഡില്‍ വെള്ളം കയറി. ചാലക്കുടി പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞു. സമീപത്തെ വീടുകളില്‍ വെള്ളം കയറി. തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ചാലക്കുടി പുഴയിലും പെരിയാറിലും ജലനിരപ്പുയര്‍ന്നു. ആലുവ ശിവക്ഷേത്രത്തിലും വെള്ളം കയറി. തീരദേശത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed